മുസ്ലിം യുവതി ശബരിമലയില്‍ പോയത് മതസൗഹാര്‍ദം തകര്‍ക്കാന്‍ : ജസ്റ്റിസ് കെമാല്‍പാഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 11:46 AM  |  

Last Updated: 23rd October 2018 11:46 AM  |   A+A-   |  

 

കൊച്ചി : മുസ്ലിം യുവതിയുടെ ശബരിമല യാത്രയെ വിമര്‍ശിച്ച്  ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ രംഗത്ത്. മുസ്ലിം യുവതി ശബരിമലയില്‍ പോയത് മതസൗഹാര്‍ദം തകര്‍ക്കാനാണെന്ന് കെമാല്‍പാഷ ആരോപിച്ചു. വിശ്വാസികള്‍ മാത്രം ശബരിമലയില്‍ പോയാല്‍ മതി. മുസ്ലിം യുവതിക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. 

മുസ്ലിം യുവതിയായ രഹന ഫാത്തിമ പൊലീസ് സംരക്ഷണത്തോടെ ശബരിമലയിലേക്ക് പോയത് വിവാദമായിരുന്നു. ആക്ടിവിസ്റ്റായ രഹനയെയും ആന്ധ്രയില്‍ നിന്നുള്ള വനിത മാധ്യമപ്രവര്‍ത്തക കവിതയെയുമാണ് പൊലീസ് ജാക്കറ്റും ഷീല്‍ഡും നല്‍കി സുരക്ഷ ഒരുക്കി പൊലീസ് സന്നിധാനത്തേക്ക് കയറ്റാന്‍ ശ്രമിച്ചത്. 

യുവതികള്‍ക്ക് പൊലീസ് സംരക്ഷണ കവചങ്ങള്‍ നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ പ്രതിപക്ഷ നേതാവും ബിജെപി നേതൃത്വവും രംഗത്തെത്തിയിരുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.