ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു, ആക്രമണം നടത്താന്‍ പ്രത്യേക അവകാശമുണ്ടെന്ന് കരുതി ക്രിമിനലുകള്‍ ശബരിമലയിലേക്ക് വരേണ്ട: ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ വീണ്ടും മുഖ്യമന്ത്രി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th October 2018 07:13 PM  |  

Last Updated: 24th October 2018 07:36 PM  |   A+A-   |  

 

കൊല്ലം: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാതിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് അപഹാസ്യമായ നിലപാടാകും എന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശകല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമരം നടത്തുന്നവര്‍ സംസ്ഥാനത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് മുന്നില്‍ ഒന്നുമല്ല. രാജ്യത്താകെ ഏതു പ്രശ്‌നത്തിലും ആര്‍എസ്എസും ബിജെപിയും വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപിക്കൊപ്പം ഓടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കേരളത്തിന്റെ ദൃഢമായ മതനിരപേക്ഷ മനസ്സ് ഭേദിക്കാന്‍ ആര്‍എസ്എസ് പല ശ്രമങ്ങളും നടത്തി. എന്നാല്‍ പരാജയപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരുവിഭാഗം നേരത്തെ തന്നെ ബിജെപിയില്‍ കാലെടുത്തു വച്ചിരിക്കുന്നവരുണ്ട്. ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവന അത് കോണ്‍ഗ്രസ് നേതാവിന്റെതാണോ എന്ന് സംശയമുണ്ടായിപ്പോയി. പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ബിജെപിക്ക് ആളെക്കൂട്ടി കൊടുത്തു. 

സംഘപരിവാര്‍ നടത്തിയ അക്രമണത്തിനിടയിലും ശബരിമലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിച്ചത് പൊലീസ് പാലിച്ച സമചിത്തതകൊണ്ടാണ്. ആക്രമണം നടത്താന്‍ ഞങ്ങള്‍ പ്രത്യേക അവകാശമുള്ള ക്രിമിനലുകളാണ് എന്ന ധാരണയോടെ ശബരിമലയില്‍ ക്യാമ്പു ചെയ്യാമെന്ന് സംഘപരിവാര്‍ ധരിച്ചാല്‍ അത് സമ്മതിച്ചു തരാനാകില്ല. 

ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്, ഭക്തര്‍ക്ക് ശബരിമലയില്‍ വരാനും സന്നിധാനത്തിലെത്താനും ദര്‍ശനം നടത്താനും എല്ലാമുള്ള അവകാശമുണ്ടാകും. പക്ഷേ, ഈ ലക്ഷക്കണക്കിന് ആളുകളെത്തുന്നിടത്ത് ചില നിയന്ത്രങ്ങള്‍ വേണ്ടിവരും. നമ്മുടെ രാജ്യത്തെ പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളിലും നിയന്ത്രമുണ്ട്, അത് ശബരിമലയിലും വേണ്ടിവരും--അദ്ദേഹം പറഞ്ഞു.