ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ 50.33 ഏക്കര്‍ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 06:43 PM  |  

Last Updated: 24th October 2018 06:43 PM  |   A+A-   |  

 

 

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനു തമിഴ്‌നാട്ടിലുള്ള ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്‌നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്. ഭൂമി ജപ്തി ചെയ്യാന്‍ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടിസ് നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ രാജപാളയത്ത് ബെനാമി ഇടപാടില്‍ ജേക്കബ് തോമസ് 50.33 ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്ന കണ്ടെത്തലിനെതുടര്‍ന്നാണു നടപടി.

2001ല്‍ ജേക്കബ് തോമസ് വാങ്ങിയതായി രേഖയുള്ള ഈ ഭൂമി സ്വത്തുവിവരത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. വസ്തു സ്വന്തം പേരിലാണെങ്കിലും വസതിയുടെ വിലാസം കൊച്ചിയിലെ സ്വകാര്യ കമ്പനിയുടേതായിരുന്നു. എന്നാല്‍ ജേക്കബ് തോമസ് ഈ കമ്പനിയുടെ ഡയറക്ടര്‍ അല്ല. സര്‍ക്കാര്‍ രേഖകളില്‍ അദ്ദേഹത്തിന് ഈ മേല്‍വിലാസവും ഇല്ല. 

ആദ്യ രണ്ട് നോട്ടിസും കൈപ്പറ്റാത്തതിനാല്‍ മൂന്നാമത്തെ നോട്ടിസില്‍ ഈ വസ്തു ബെനാമി ഇടപാടിലെ ഭൂമിയാണെന്നു കണക്കാക്കുമെന്നും ജപ്തി ചെയ്യുമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു.