ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്നെത്തിക്കും;  സംസ്‌കാരം നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 06:22 AM  |  

Last Updated: 24th October 2018 06:22 AM  |   A+A-   |  


 ആലപ്പുഴ: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് ജന്‍മനാടായ ചേര്‍ത്തലയില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗ്ഗമാണ് മൃതദേഹം എത്തിക്കുന്നത്. 

 വൈകുന്നരം 5.30 ഓടെ നെടുമ്പാശ്ശേരിയിലും അവിടെ നിന്നും പള്ളിപ്പുറത്തുള്ള കുടുംബ വീട്ടിലും എത്തിക്കും. നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നത്. ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

22 ന് രാവിലെയാണ് ഫാദറിനെ ജലന്ധറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് വധഭീഷണിയുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും പരാതിപ്പെട്ടിരുന്നു.