യുവതികളെ പ്രവേശിപ്പിക്കാനാവാത്തതിന്റെ അമര്‍ഷം മൂലം പിണറായി തന്ത്രിയുടെ മേക്കിട്ടു കയറുന്നു; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 12:56 PM  |  

Last Updated: 24th October 2018 12:56 PM  |   A+A-   |  

chennithalaghhjkh

 

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാവാത്തതിന്റെ അമര്‍ഷം മൂലം തന്ത്രിക്കും പന്തളം കൊട്ടാരത്തിനും മേലെ മേക്കിട്ടു കയറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതിന്റെ പേരില്‍ ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിക്കാന്‍ പിണറായി വിജയന് അധികാരമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

പൊലീസ് വേഷം ധരിപ്പിച്ച് അതീവ സുരക്ഷയില്‍ കൊണ്ടുവന്ന യുവതികളെ പതിനെട്ടാംപടി കയറ്റാതെ പോയതിന്റെ ഉത്തരവാദിത്വം തന്ത്രിക്കാണ് എന്നതുകൊണ്ട് തന്ത്രിക്കു നേരെ രോഷം പ്രകടിപ്പിക്കുകയാണ് മുഖ്യമന്ത്രി. ക്ഷേത്രകാര്യങ്ങളിലെ അവസാന വാക്ക് തന്ത്രിയാണ്. ഇതു കോടതികള്‍ അംഗീകരിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

ക്ഷേത്രങ്ങളില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് തന്ത്രിയാണ്. തന്ത്രി ദേവന്റെ പിതൃസ്ഥാനീയനാണ്. ക്ഷേത്ര ഭരണത്തിലും ആചാരങ്ങളിലും തന്ത്രിക്കാണു പരമാധികാരമെന്ന് സുപ്രിം കോടതി വിധിച്ചതാണ്. മുണ്ടിന്റെ കോന്തലയില്‍ താക്കോല്‍ കെട്ടി പോവുന്ന ജോലി മാത്രമല്ല തന്ത്രിക്കെന്നു മുഖ്യമന്ത്രി മനസിലാക്കണം. തന്ത്രിമാരെക്കുറിച്ച് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത് ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്ന് ചെന്നിത്തല പറഞ്ഞു. 

പന്തളം കൊട്ടാരത്തില്‍നിന്ന് തിരുവാഭരണങ്ങള്‍ എത്തിയാലേ ശബരിമലയില്‍ മകര സംക്രമ പൂജ നടക്കൂ. ഇനി മുതല്‍ പിണറായി വിജയന്‍ പറയുമ്പോഴാണോ മകര സംക്രമ പൂജ നടത്തേണ്ടത്? ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അവകാശം പന്തളം രാജാവിനു മാത്രമുള്ളളതാണ്. കോടികള്‍ വിലമതിക്കുന്ന തിരുവാഭരണം പന്തളം കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത്. ഇതു മാറ്റണമെന്ന് മുഖ്യമന്ത്രി പറയുമോ? 

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സ്ഥിതി പരിതാപകരമാണ്. എല്ലാ ദിവസവും മുക്കാലിയില്‍ കെട്ടി അടിക്കുകയാണ്. ആ സ്ഥാനത്ത് നാണം കെട്ട് ഇരിക്കണോയെന്ന് പദ്മകുമാറാണ് തീരുമാനിക്കേണ്ടത്. 

ശബരിമലയിലെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാണ് സുപ്രിം കോടതി വിധി സര്‍ക്കാരിനു കിട്ടിയത്? അതു ദേവസ്വം വകുപ്പിനു കൈമാറിയോ? നിയമോപദേശം തേടിയോ? കാബിനറ്റില്‍ വച്ചോ? ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണം. പാതയോര മദ്യശാലകളുടെ കാര്യത്തില്‍ വിധിയില്‍ നടപടിയെടുക്കാന്‍ നാലു മാസമെടുത്ത മുഖ്യമന്ത്രി ശബരിമലയുടെ കാര്യത്തില്‍ എന്തിനാണ് തിടുക്കം കാണിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

ശബരിമല കേസില്‍ ബിജെപിയുടേത് ഇരട്ടത്താപ്പാണ്. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാവുന്നതേയുള്ളൂ. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണ്ട് കേന്ദ്രത്തിന് ഓര്‍ഡിന്‍സ് ഇറക്കാവുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.