ശബരിമല യുവതി പ്രവേശം; കടുപ്പിച്ച് മുഖ്യമന്ത്രി; രാവിലെ പതിനൊന്നിന് പൊലീസ് ഉന്നതതല യോഗം  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th October 2018 05:25 AM  |  

Last Updated: 24th October 2018 05:38 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്റെ ഉന്നതത യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് യോഗം. ഡിജിപി ലോക് നാഥ് ബഹ്‌റ, എഡിജിപി അനില്‍കാന്ത്, ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട എസ്പിമാരും യോഗത്തില്‍ പങ്കെടുക്കും.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തും. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികളിലും സ്വീകരിക്കേണ്ട തീരുമാനങ്ങളും യോഗത്തിലുണ്ടാകും. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്ന പ്രശ്‌നമില്ല. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും വ്യക്തമാക്കി.

സാധാരണനിലയ്ക്ക് വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അവകാശമുണ്ട്. ആ അവകാശം നിലനില്‍ക്കണം.  അതിനുള്ള സംരക്ഷണം സര്‍ക്കാര്‍ നല്‍കും. ശാന്ത സ്വാഭാവമുള്ള ഒരന്തരീക്ഷമാണ് ശബരിമലയിലേത്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. ശബരിമല എല്ലാ പവിത്രതയോടും കൂടി നിലനില്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട്  ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടും വിട്ടുവീഴ്ചയ്ക്കില്ലെന്നും പിണറായി പറഞ്ഞു.  ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ പ്രായം പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും പിണറായി പറഞ്ഞു.