ശബരിമല : റിവ്യൂ ഹര്‍ജിക്കോ, റിപ്പോര്‍ട്ടിനോ പ്രസക്തിയില്ല ; തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ തന്നെയെന്ന് കെ പി ശങ്കരദാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 12:46 PM  |  

Last Updated: 24th October 2018 12:46 PM  |   A+A-   |  

 

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയിലും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി. ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ടിനോ, റിവ്യൂ ഹര്‍ജിക്കോ ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കുമെന്ന് ബോര്‍ഡ് പറഞ്ഞിട്ടില്ല. നിയമോപദേശം തേടിയശേഷം നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ അതിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം ലഭിച്ചതെന്നും കെപി ശങ്കരദാസ് പറഞ്ഞു. 

ശബരിമല വിഷയത്തില്‍ കേസ് പരിഗണിക്കുമ്പോള്‍ സുപ്രിംകോടതി ചോദിച്ചാല്‍ ബോര്‍ഡ് നിലപാട് അറിയിക്കും. അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ ഭരണഘടനാപരമായി വ്യവസ്ഥകളില്ല. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങളില്‍ വിഘ്‌നം വരരുതെന്നാണ് ബോര്‍ഡിന്റെ നിലപാടെന്നും ശങ്കരദാസ് പറഞ്ഞു. 

ഭക്തജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നം വരുത്തുന്ന ഒരു നടപടിയും ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. അതിനര്‍ത്ഥം ബോര്‍ഡ് കോടതിക്കെതിരെ നിലപാട് സ്വീകരിക്കും എന്നല്ല. റിവ്യൂ പെറ്റീഷന്റെ കാര്യത്തില്‍ രാജകുടുംബം പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ബാധ്യത ബോര്‍ഡിനില്ല. ബോര്‍ഡിന് അതിന്റെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിതക്കാനുള്ള ബാധ്യത മാത്രമേയുള്ളൂ. 

മനുഅഭിഷേക് സിംഗ്‌വി കോണ്‍ഗ്രസിന്റെ ഹര്‍ജിക്ക് വേണ്ടി ഹാജരാകും എന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ കേസില്‍ പുതിയ അഭിഭാഷകനെ നിയമിക്കേണ്ടത് ഉണ്ടെങ്കില്‍ അപ്പോള്‍ നടപടി എടുക്കും. സിംഗ്‌വിയെ ബോര്‍ഡിന്റെ വക്കീലായി നിയമിക്കുമെന്ന ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ പ്‌സ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, വാദിക്കും പ്രതിക്കും വേണ്ടി ഒരു വക്കീലിനെ തന്നെ നിയമിക്കാനാകുമോ എന്നാണ് ശങ്കരദാസ് ചോദിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രിയെ ആക്ഷേപിച്ചതായി അറിയില്ല. ക്ഷേത്രത്തിന്റെ ചൈതന്യം സംരക്ഷിക്കുന്നതിന് തന്ത്രി സ്വീകരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ശ്രീകോവില്‍ അടച്ചുപോകുമെന്ന് പറയാനുള്ള വ്യവസ്ഥ കവനന്റില്‍ ഒരു ഭാഗത്തുമില്ല. നേരത്തെ ഉണ്ടായിരുന്ന കവനന്റിലെ വ്യവസ്ഥയെല്ലാം 1960 ലെ നിയമം വന്നതോടെ റദ്ദായിപ്പോയിയെന്നും ശങ്കരദാസ് പറഞ്ഞു. 

തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണ്. തന്ത്രിക്ക് ഇപ്പോഴും ബോര്‍ഡാണ് പ്രതിഫലം കൊടുക്കുന്നത്. ബോര്‍ഡിന്റെ കാശ് വാങ്ങിച്ച് ജോലി ചെയ്യുവന്നവര്‍ക്ക് അവിടത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതയുണ്ട്. അതില്ലായെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരവും അവകാശവും ബോര്‍ഡിനുണ്ട്. നിയമപരമായ അവകാശമുണ്ട്. തന്ത്രി ബോര്‍ഡിന്‍രെ ജീവനക്കാരനായതുകൊണ്ടാണ് മുമ്പ് കണ്ഠര് മഹേശ്വരരെ മാറ്റിയത്. മഹേശ്വരരെ ബോര്‍ഡ് തീരുമാനിച്ച് വെളിയിലാക്കിയില്ലേ. അവകാശമില്ലങ്കില്‍ മഹേശ്വരരെ എങ്ങനെ മാറ്റിയെന്ന് ശങ്കരദാസ് ചോദിച്ചു.  

മുഖ്യമന്ത്രി ചട്ടത്തില്‍ ഉള്ള കാര്യം മാത്രമാണ് പറഞ്ഞത്. തന്ത്രിയെ മാറ്റുമെന്ന് പറഞ്ഞിട്ടില്ല. ആരൊക്കെ നിയമം ലംഘിച്ചിട്ടുണ്ടോ അതെല്ലാം പരിശോധിച്ച് ആവശ്യമാണെങ്കില്‍ അവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കും. ശബരിമല വിഷയത്തില്‍ സുപ്രിംകോടതിയാണ് വിധി പുറപ്പെടുവിച്ചത്. സുപ്രിംകോടതിയ്ക്ക് അപ്പുറം കോടതിയില്ല. പരമോന്നത കോടതിയുടെ വിധി അനുസരിക്കാന്‍ ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. ഇല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ കോടതി നടപടി സ്വീകരിക്കുമെന്നും കെപി ശങ്കരദാസ് ചൂണ്ടിക്കാട്ടി.