'മകളുടെ തെറ്റിന് അയ്യപ്പനോട് മാപ്പപേക്ഷിച്ച് മാതാപിതാക്കള്‍'; പ്രായശ്ചിത്തമായി ബിന്ദുവിന്റെ അമ്മ മല ചവിട്ടും

ശബരിമല ദര്‍ശനത്തിന് ശ്രമിച്ച കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ മാതാപിതാക്കള്‍ അയ്യപ്പനോടും അയ്യപ്പഭക്തരോടും മാപ്പപേക്ഷിച്ച് രംഗത്ത്
'മകളുടെ തെറ്റിന് അയ്യപ്പനോട് മാപ്പപേക്ഷിച്ച് മാതാപിതാക്കള്‍'; പ്രായശ്ചിത്തമായി ബിന്ദുവിന്റെ അമ്മ മല ചവിട്ടും

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് ശ്രമിച്ച കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ മാതാപിതാക്കള്‍ അയ്യപ്പനോടും അയ്യപ്പഭക്തരോടും മാപ്പപേക്ഷിച്ച് രംഗത്ത്. അയ്യപ്പ ഭക്തര്‍ക്കുണ്ടായ മനോവിഷമത്തില്‍ തങ്ങള്‍ ഏറെ ദു:ഖിതരാണ്. മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി താന്‍ മല ചവിട്ടുമെന്നും ബിന്ദുവിന്റെ അമ്മ തങ്കമ്മ അറിയിച്ചു.  അതേസമയം പ്രായാധിക്യം കാരണം ബിന്ദുവിന്റെ അച്ഛന്‍ വാസു മലചവിട്ടില്ല, പകരം വീട്ടില്‍ പ്രാര്‍ത്ഥന നടത്തും. മണ്ഡലകാലത്തിന് മുന്‍പ് നവംബര്‍ 5ന് നട തുറക്കുമ്പോള്‍ മലചവിട്ടി അയ്യനെ ദര്‍ശിക്കാനാണ് തങ്കമ്മ ഉദ്ദേശിക്കുന്നത്.

ഇതിനിടെ, ഭീഷണികളെ തുടര്‍ന്ന് ബിന്ദു ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഉടമ ഇറക്കിവിട്ടതിനെ തുടര്‍ന്ന് സുഹൃത്തിന്റെ താമസസ്ഥലത്ത് എത്തിയെങ്കിലും അവിടെയും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബിന്ദു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറിയത്. കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസ് സ്‌റ്റേഷനിലെത്തിയ ബിന്ദുവിനെ അയ്യപ്പ ഭക്തന്‍മാരില്‍ നിന്നും സാഹസികമായാണ് പൊലീസ് രക്ഷപെടുത്തിയത്. മുണ്ടക്കയം പൊലിസ് സ്‌റ്റേഷനില്‍ അതീവസുരക്ഷയില്‍  കഴിഞ്ഞിരുന്ന ബിന്ദു തിരിച്ചുപോരുകയായിരുന്നു. മെഡിക്കല്‍ കോളേജിനടുത്തുള്ള വീട്ടിലെത്തിയപ്പോള്‍ വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ഉള്ളതിനാല്‍  താമസിക്കാനാകില്ലെന്ന് ഉടമ വ്യക്തമാക്കി. തുടര്‍ന്ന് നഗരത്തിലെ സുഹൃത്തിന്റെ ഫ്‌ലാറ്റിലെത്തിയെങ്കിലും അവിടെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെയാണ് ഒളിവില്‍ പോകേണ്ടി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com