രക്തം അശുദ്ധിയാണെങ്കില്‍ മുടിയും കണ്ണീരും വിയര്‍പ്പുമെല്ലാം അശുദ്ധി: ഇതിനെല്ലാം നടയടക്കാന്‍ കഴിയില്ലെന്ന് കെഎന്‍ ഗണേഷ്

ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയാണ്.
രക്തം അശുദ്ധിയാണെങ്കില്‍ മുടിയും കണ്ണീരും വിയര്‍പ്പുമെല്ലാം അശുദ്ധി: ഇതിനെല്ലാം നടയടക്കാന്‍ കഴിയില്ലെന്ന് കെഎന്‍ ഗണേഷ്

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയാണ്. ഇതിനിടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ക്ഷേത്രത്തില്‍ രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കി നടയടപ്പിക്കാന്‍ ആസൂത്രണം ചെയ്തിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ചരിത്രകാരനും അദ്ധ്യാപകനുമായി കെഎന്‍ ഗണേഷ്. 

ബ്രാഹ്മണ തന്ത്രപ്രകാരം രക്തം മാത്രമല്ല, മുടിയും നഖവും കഫവുമെല്ലാം അശുദ്ധിയാണെന്നും അതിന് തന്ത്രി ശുദ്ധികലശമാണ് ചെയ്യേണ്ടത് അല്ലാതെ നടയടയ്ക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രിക്ക് നടയടയ്ക്കാനുള്ള അധികാരമില്ലെന്നും നിര്‍ദ്ദേശിക്കാനുള്ള ഉത്തരവാദിത്വം മാത്രമാണ് ഉള്ളതെന്നും ഗണേഷ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ മനസിലാക്കി ഗൗരവം പരിശോധിച്ച് ഇന്നയിന്ന ക്രിയകള്‍ നടത്താമെന്ന് തന്ത്രിക്ക് നിര്‍ദ്ദേശിക്കാം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് ക്ഷേത്ര യോഗമോ ദേവസ്വമോ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ബ്രാഹ്മണ തന്ത്രപ്രകാരം ചോര മാത്രമല്ല ഛര്‍ദ്ദി, നഖം, മുടി, ചലം, വിയര്‍പ്പ്, കണ്ണീര്‍, ശുക്ലം എന്നിവയെല്ലാം അശുദ്ധിയാണ്. മുടി കൊഴിഞ്ഞാലും, കണ്ണീര്‍ വീണാലും അശുദ്ധിയാണ്. എന്ന് കരുതി മുടി കൊഴിയുമ്പോഴേക്കും സാധാരണ നടയടക്കാറില്ല. പുണ്യാഹം തളിക്കേണ്ട വിധിപ്രകാരം പുണ്യാഹം തളിച്ചാല്‍ മാത്രം മതി. മാത്രമല്ല അശുദ്ധി ബിംബത്തെ ബാധിക്കുമെങ്കില്‍ മാത്രമാണ് ശുദ്ധി കലശം ചെയ്യേണ്ടി വരുന്നത്. വിരലുമുറിച്ചാല്‍ നടയടക്കേണ്ട ആവശ്യം തന്ത്രവിധി പ്രകാരം വരുന്നില്ല',- അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com