സോളാര്‍ ലൈംഗിക പീഡനം : പുതിയ അന്വേഷണസംഘത്തിന്റെ യോഗം ഇന്ന് , സരിതയുടെ രഹസ്യ മൊഴി എടുക്കുന്നതില്‍ തീരുമാനമായേക്കും

എസ് പി യു അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേരുന്നത്
സോളാര്‍ ലൈംഗിക പീഡനം : പുതിയ അന്വേഷണസംഘത്തിന്റെ യോഗം ഇന്ന് , സരിതയുടെ രഹസ്യ മൊഴി എടുക്കുന്നതില്‍ തീരുമാനമായേക്കും

തിരുവനന്തപുരം : സരിത എസ് നായര്‍ നല്‍കിയ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. എസ് പി യു അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേരുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവലോകനം ചെയ്യും. 

കേസിന്റെ അന്വേഷണ സംഘം സര്‍ക്കാര്‍ ഇന്നലെ വിപുലീകരിച്ചിരുന്നു. അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസിന് പുറമെ, വിജിലന്‍സ് ഡിവൈഎസ്പി ഇ എസ് ബിജുമോന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, ശ്രീകാന്ത് എന്നിവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കൂടി ഉള്‍പ്പെടുത്തുന്നത് ഇന്ന് ചര്‍ച്ച ചെയ്യും. 

കേസിന്റെ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട‌് കോടതി മൂന്നിലാണ‌് ക്രൈംബ്രാഞ്ച‌്  രണ്ട‌് എഫ‌്ഐആർ സമർപ്പിച്ചത‌്. ബലാത്സംഗ കേസിൽ ഇരയുടെ രഹസ്യമൊഴി നിർബന്ധമാണ‌്. അതിനാൽ ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം സരിതയുടെ രഹസ്യമൊഴി എടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ നൽകും. സരിതയുടെ പരാതിയിൽ ശനിയാഴ‌്ചയാണ‌് ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്തത‌്.

ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന‌് ഐപിസി 377, പണം കൈപറ്റിയതിന‌് ഐപിസി 420, കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന‌് ഐപിസി 376, സ‌്ത്രീത്വത്തെ അപമാനിച്ചതിന‌് ഐപിസി 354, ഫോണിൽ വിളിച്ച‌് ശല്യംചെയ‌്തതിന‌് കേരള പൊലീസ‌് ആക്ട‌് 120 ഒ എന്നീ വകുപ്പുകൾ പ്രകാരമാണ‌് കേസ‌് എടുത്തത‌്.2012ലെ ഹർത്താൽ ദിനത്തിൽ ക്ലിഫ്ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് സരിതയുടെ പരാതി. മുൻ ടൂറിസം മന്ത്രി എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ വച്ച് ലൈംഗിക പീഡനം നടത്തിയെന്നാണ് വേണുഗോപാലിനെതിരായ എഫ്.ഐ.ആർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com