കടകംപളളിയുടേത് നിരീശ്വരവാദ ധാര്‍ഷ്ട്യം; അതിവൈകാരികമായി പ്രതികരിച്ചവരെ തടയാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ ഈശ്വര്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th October 2018 10:36 AM  |  

Last Updated: 25th October 2018 10:36 AM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ മറുപടി. കടകംപളളി സുരേന്ദ്രന്‍ മനപ്പൂര്‍വ്വം കളളം പറയുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. മന്ത്രിയുടേത് നിരീശ്വരവാദ ധാര്‍ഷ്ട്യമാണ്.അതിവൈകാരികമായി പ്രതികരിച്ചവരെ താന്‍ തടയാന്‍ ശ്രമിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

രാഹുല്‍ ഈശ്വറിനെപ്പോലെ വികൃത മനസുള്ളവര്‍ക്കു കൂടിനില്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരക്കാരെ അവിടെ അനുവദിക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമലയെപ്പോലെ പരിപാവനമായ ഒരു സ്ഥലത്ത് രക്തംവീഴ്ത്താന്‍ ആളെ സജ്ജമാക്കി നിര്‍ത്തിയിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എത്രമാത്രം വികൃത മനസുള്ളവര്‍ക്കാണ് അതു ചെയ്യാനാവുക. അങ്ങനെ വികൃത മനസുള്ളവര്‍ക്കു കൂടിനില്‍ക്കാനുള്ള സ്ഥലമല്ല ശബരിമല. സര്‍ക്കാര്‍ അത് അനുവദിക്കില്ല. അക്രമികള്‍ക്കു തമ്പടിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി വ്യക്തമാക്കി.