തന്ത്രി പൂട്ടിപ്പോയത് തുറക്കാന്‍ വന്നാല്‍ ഭക്തര്‍ കൈകാര്യം ചെയ്യും; വിശ്വാസികളെ ആര്‍എസ്എസിലേക്ക് റിക്രൂട്ട് ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുരളീധരന്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th October 2018 01:32 PM  |  

Last Updated: 25th October 2018 01:32 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് പറഞ്ഞ മുരളീധരന്‍ തന്ത്രി പൂട്ടിപ്പോയത് തുറക്കാന്‍ വന്നാല്‍ ഭക്തജനം കൈകാര്യം ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. ഭക്തരെ ആര്‍എസ്എസിലേക്ക് റിക്രൂട്ട് ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

വിശ്വാസികളുടെ മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കുമെന്നു കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതു മതസ്ഥര്‍ക്കും ജാതിക്കാര്‍ക്കും പ്രവേശനമുള്ള ശബരിമലയില്‍ സവര്‍ണ മേധാവിത്വമാണെന്നു മുഖ്യമന്ത്രി പറയുന്നത് പ്രതിഷേധാര്‍ഹമാണ്. ചിലയാളുകളെ മുഖ്യമന്ത്രി ശബരിമല കയറ്റി ആചാരം തെറ്റിക്കാനും ചിലയാളുകളെ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി കൊടുക്കാനും നിയോഗിച്ചിരിക്കുകയാണ്. അയ്യപ്പനെ തൊട്ടാല്‍ ഇനിയും മുഖ്യമന്ത്രിക്കു കൈപൊള്ളുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.