നിയമനടപടി അവസാനിപ്പിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി , തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുരേന്ദ്രൻ, മഞ്ചേശ്വരം തെര‍ഞ്ഞെടുപ്പ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2018 10:59 AM  |  

Last Updated: 25th October 2018 11:07 AM  |   A+A-   |  

 

കൊച്ചി: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് നൽകിയ ഹർജിയുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രനോട് ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രൻ നൽകിയ ഹര്‍ജി പരി​ഗണിക്കുമ്പോഴായിരുന്നു കോടതി ഈ ചോദ്യം ഉന്നയിച്ചത്. തുടർന്ന് ഹർജി പിൻവലിക്കുന്നോ ഇല്ലയോ എന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് കെ സുരേന്ദ്രൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് കേസ് പരി​ഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. 

മ‍ഞ്ചേശ്വരത്തെ എംഎൽഎയായിരുന്ന പിബി അബ്ദുൾ റസാഖ് അടുത്തിടെ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടുപോകുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞത്. അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം  റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. 

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259  പേരുടെ  പേരില്‍ കള്ളവോട്ട് ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും.

താന്‍ സ്വതന്ത്രനായല്ല മല്‍സരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ജനവിധി തേടിയത്. മാത്രമല്ല ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോര്‍ ഗ്രൂപ്പ് അംഗവുമാണ്. ഈ സാഹചര്യത്തില്‍ തനിക്ക് പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ, കേസ് പിന്‍വലിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ എന്ന് കെ സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ തന്റെ വാദങ്ങളും തെളിവുകളും ബോധ്യപ്പെടുത്താനായെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.