ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനവുമായി കെഎസ്ആർടിസി; വരുന്നത് ഓൺലൈൻ ടിക്കറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2018 09:29 PM  |  

Last Updated: 25th October 2018 09:29 PM  |   A+A-   |  

ksrtc

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല–മകരവിളക്ക് സീസണിൽ ടിക്കറ്റിങ് സംവിധാനം പൂർണമായും കംപ്യൂട്ടർവൽക്കരിക്കാനൊരുങ്ങി കെഎസ്ആർടിസി.  ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇതിനായി ക്രമീകരിക്കുന്നത്. ക്യുആർ‌ കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം അവതരിപ്പിക്കും. 

യാത്രക്കാരുടെ തിരക്കു പരിശോധിച്ച് സര്‍വീസ് നടത്തുന്നതിനു പുതിയ സംവിധാനം പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ബുക്കിങ് സംവിധാനം ഒക്ടോബർ 29 മുതൽ പ്രവർത്തന സജ്ജമാകും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴിയും ടിക്കറ്റ് എടുക്കാനാകും. പമ്പയിലും നിലയ്ക്കലുമായി 15 കൗണ്ടറുകള്‍ ടിക്കറ്റ് വിതരണത്തിനായി തുറക്കും. 

സുരക്ഷാ കാരണങ്ങളുള്ളതിനാൽ പമ്പ–നിലയ്ക്കൽ സർവീസിന് കെഎസ്ആർടിസി ബസുകൾക്കു മാത്രമാണ് ഈ വർഷം അനുമതി നൽകിയിട്ടുള്ളത്. ആകെ 250 ബസുകളാണു സർവീസിന് ഉപയോഗിക്കുക. പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കൽ–പമ്പ റൂട്ടിൽ സർവീസ് നടത്തും. സാധാരണ ബസുകൾക്ക് 40 രൂപയും എസിക്ക് 75 രൂപയുമാണു ടിക്കറ്റ് നിരക്ക്.