167ാം പ്രതിയും പൊലീസ്; ശബരിമലയിലെ അക്രമികളിലെ കാക്കിക്കാര്‍; വാസ്തവം ഇതാണ്

കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തികച്ചും അപലപനീയമാണ്
police-fb-post-new
police-fb-post-new

കൊച്ചി: ശബരിമലയിലെ സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ വിശദീകരണവുമായി പൊലീസ് രംഗത്ത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ ഏറെയും. 

പൊലീസ്  വേഷധാരിയായി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഭക്തരെ ആക്രമിച്ചെന്ന തരത്തിലായിരുന്നു  ചില ഫെയ്‌സ്ബുക്ക് പേജുകളില്‍ വന്ന വാര്‍ത്തകള്‍. പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇത്തരം വ്യാജ പോസ്റ്റുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം.'കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തികച്ചും അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളില്‍ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉള്‍ക്കൊണ്ടാണ് ഈ വിശദീകരണം.' കേരള പൊലീസ് ഫെയസ്ബുക്കില്‍ കുറിച്ചു.  

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

പൊലീസ്  ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപ്രചരണം 

ഞങ്ങള്‍ക്ക് പറയാനുള്ളത് :

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതില്‍ ഒന്ന് പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവര്‍ത്തകന്‍ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തെ പ്രചരിപ്പിക്കുന്നതാണ്.

വാസ്തവം ഇതാണ് : ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ആഷിക്കിന്റെ ചിത്രമാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് . ഈ ഉദ്യോഗസ്ഥന്റെ ഹെയര്‍ സ്‌റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണ്.

രണ്ടാമത്തെ സംഭവത്തില്‍: ലുക്ക് ഔട്ട് നോട്ടീസില്‍ പൊലീസുകാരന്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ലുക്ക് ഔട്ട് നോട്ടീസ് അല്ല. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളില്‍ നിന്നും പൊലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പൊലീസ്  മേധാവിമാര്‍ക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് . ഇതില്‍ മഫ്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും അവിചാരിതമായി കടന്നു കൂടി. പരിശോധിച്ചതില്‍ ശബരിമല ഡ്യൂട്ടിക്കായി  വാഹനവുമായി എത്തിയ പത്തനംതിട്ട ഏ ആര്‍ ക്യാമ്പിലെ െ്രെഡവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇബ്രാഹിം ആണെന്ന് വ്യക്തമായിട്ടുള്ളതാണ് . വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു ഡ്യൂട്ടി കഴിഞ്ഞു മടങ്ങാന്‍ തുടങ്ങവേ അക്രമികള്‍  പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുന്നതായറിഞ്ഞു ഇദ്ദേഹം സംഭവസ്ഥലത്തു എത്തിച്ചേരുകയായിരുന്നു എന്നും വ്യക്തമായതിനാല്‍ സംശയമുള്ളവരുടെ പട്ടികയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളതുമാണ്.

കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന  പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തികച്ചും അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളില്‍ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉള്‍ക്കൊണ്ടാണ് ഈ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com