കുഞ്ഞിനെ കൊന്നത് ഒറ്റയ്ക്ക്, പത്താമത്തെ ശ്രമത്തില്‍ കൊലപാതകം: കാരണം മാതാവിനോടുള്ള പകയെന്ന് ജസീല

By സമകാലികമലയാളം ഡെസ്‌ക്  |   Published: 25th October 2018 11:11 AM  |  

Last Updated: 25th October 2018 11:11 AM  |   A+A-   |  

 

 

കോഴിക്കോട്: താമരശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറസ്റ്റിലായ പിതൃസഹോദരന്റെ ഭാര്യ ജസീല. തിങ്കളാഴ്ച രാവിലെയാണ് താമരശേരി കാരാടി മുഹമ്മദ് അലിയുടെ ഏഴ് മാസം പ്രായമുള്ള മകള്‍ ഫാത്തിമയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്.

കുടുംബത്തില്‍നിന്നുണ്ടായ അവഗണനയും കുഞ്ഞിന്റെ മാതാവിനോടുള്ള അസൂയയുമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് ജസീല പറയുന്നു. മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്നും ജസീല പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. 

കുഞ്ഞിനോട് അമ്മയായ ഷെമീനയേക്കാള്‍ കരുതലുണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു തുടക്കം മുതലേ ജസീലയുടെ പെരുമാറ്റം. ഏഴു മാസം മാത്രം പ്രായമുള്ള ഫാത്തിമയോടു ജസീല കാണിച്ചതെല്ലാം സ്‌നേഹത്തിന്റെ തരിമ്പ് പോലുമില്ലാത്ത കാപട്യമായിരുന്നെന്ന് മനസിലാക്കാന്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നു. ജസീല പൊലീസിനു നല്‍കിയ മൊഴിപ്രകാരം ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ്. അവസരം ലഭിക്കുന്നതു വരെ ക്രൂരമായ മനസോടെ കാത്തിരിക്കുകയായിരുന്നു ആ സ്ത്രീ. 

തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്. കുടുംബവുമൊത്തുള്ള യാത്രയ്ക്കു കഴിയാതിരിക്കുക, അനുജനും ഭാര്യയും ബന്ധുവീടുകളിലേക്കു പോകുമ്പോള്‍ പതിവായി ഭര്‍ത്താവിനോടു പരിഭവം പറയുക തുടങ്ങിയ നിസാര കാര്യങ്ങളില്‍നിന്നാണ് ഷമീനയോടുള്ള വിരോധമായി മാറിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. കൊലപാതകം നടക്കുന്ന ദിവസം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം ഷമീന പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരെത്തുന്നതിന് മുന്‍പായിരുന്നു കുഞ്ഞിന്റെ ജീവനെടുത്തത്.

ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ജസീല ആദ്യം പദ്ധതിയിട്ടത്. പിന്നീടു കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യം തടസമായി. പുറത്തു പോയി വന്നോളൂ ഞാന്‍ കുഞ്ഞിനെ നോക്കിക്കോളാമെന്നു ജസീല പലതവണ പറഞ്ഞു നോക്കിയെങ്കിലും അക്കാര്യത്തില്‍ ഷമീനയ്ക്കു താല്‍പര്യമുണ്ടായിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണു വരുത്തിത്തീര്‍ക്കാനായിരുന്നു കൊലപാതകത്തിനു മുന്നോടിയായുള്ള പദ്ധതി. പക്ഷേ അത് പാളിപ്പോവുകയായിരുന്നു.

മൊഴിയിലെ വൈരുദ്ധ്യവും പെരുമാറ്റത്തിലെ അപാകതയുമാണ് ജസീലയെ പൊലീസിന്റെ വലയില്‍ വീഴ്ത്തിയത്. ആദ്യമേ ജസീലയെ പൊലീസിന് സംശയമുണ്ടായിരുന്നു. പക്ഷേ കുടുംബാംഗങ്ങള്‍ക്ക് അവരോട് സംശയത്തിന്റെ തരിമ്പ് പോലുമുണ്ടായിരുന്നില്ല. ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങളെത്തുടര്‍ന്നുള്ള പൊലീസ് നിരീക്ഷണമാണു യഥാര്‍ഥ പ്രതിയിലേക്കെത്തിയത്. 

വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തിരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. അങ്ങനെയെങ്കില്‍ ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമിക്കേണ്ടിയിരുന്നതല്ലേ. കുഞ്ഞിനെ കിണറ്റില്‍നിന്നു പുറത്തെടുക്കും വരെ കരച്ചിലോടെ നിന്നിരുന്ന ജസീല പിന്നീടു യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളിലേക്കു മാറിയതാണു സംശയത്തിനിടയാക്കിയത്. ബന്ധുക്കളില്‍ രണ്ടുപേരെ നിരീക്ഷണത്തിനു പൊലീസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെയാണ് പെരുമാറിയത്. വീട്ടില്‍ എത്തുന്നവരോടെല്ലാം ചിരിച്ചുകൊണ്ട് പെരുമാറിയ ജസീലയ്ക്ക് സങ്കടമുള്ളതായി തോന്നിയില്ല. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്. പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല. 

കുഞ്ഞിനെ ആരോ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നതായി കണ്ടുവെന്നായിരുന്നു ജസീലയുടെ ആദ്യത്തെ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നും കവര്‍ച്ചയ്ക്കായി ആരെങ്കിലും വന്നപ്പോള്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നും വരെ പറഞ്ഞുനോക്കി. നിങ്ങള്‍ സംഭവിച്ചതു പറയൂ. അല്ലെങ്കില്‍ നുണപരിശോധനയെന്ന പൊലീസിന്റെ മുന്നറിയിപ്പിലാണു ജസീല നടന്നത് എന്താണെന്ന് തുറന്ന് പറയാന്‍ തയാറായത്.

മാതാവിനോടുള്ള വിദ്വേഷമാണു കുഞ്ഞിനെ കിണറ്റിലെറിയാന്‍ തോന്നിയത് എന്നതു മാത്രം പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. ജസീലയെ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യത തേടുകയാണു പൊലീസ്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ, എന്തായിരുന്നു യഥാര്‍ഥ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പരിശോധനയുണ്ടാകുമെന്നു താമരശേരി ഡിവൈഎസ്പി വ്യക്തമാക്കി.