കോഴിയിറച്ചി വില റെക്കോർഡിലേക്ക്; കിലോയ്ക്ക് 150 രൂപ വരെ

കോഴിയിറച്ചി വില റെക്കോർഡിലേക്ക്; കിലോയ്ക്ക് 150 രൂപ വരെ

കൂത്താട്ടുകുളം: കേരളത്തിൽ കോഴിയിറച്ചി വില റെക്കോർഡിലേക്ക്‌ കുതിക്കുന്നു. കിലോയ‌്ക്ക് 150 രൂപ വരെയാണ് മാർക്കറ്റിൽ കോഴിയിറച്ചിക്ക് ഇപ്പോൾ വില. വരും ദിവസങ്ങളിൽ ഇനിയും വില വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ ഇത്രയും വില ഉയർന്നിട്ടില്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. 

ചൊവ്വാഴ്ച കൊച്ചിയിൽ കിലോയ്ക്ക് 138 രൂപയായിരുന്നു വില. 93 രൂപയായിരുന്ന വില രണ്ടാഴ്ച കൊണ്ട് 45 രൂപയാണ് കൂടിയത്. ഇറച്ചി മാത്രമായി വാങ്ങുന്നതിന് രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 110 രൂപയായിരുന്നത് ഇപ്പോൾ 230 വരെയായെന്ന് ഹോട്ടലുകാർ പറയുന്നു. 

ആകസ്മികമായി ഉണ്ടായ പ്രളയക്കെടുതിയിൽ കേരളത്തിലെ ഫാമുകളിൽ ഉണ്ടായിരുന്ന ലക്ഷക്കണക്കിനു കോഴികളാണ് ചത്തത്. കൂടുകൾ പലതും വെള്ളം കയറി തകർന്നടിഞ്ഞു. ഇതോടെ പല കൂടുകളിലും കോഴികളെ  വളർത്താൻ കഴിയാത്ത അവസ്ഥയായി. പൊതുവെ വിവാഹങ്ങളും സദ്യകളും കുറഞ്ഞ  കന്നി മാസത്തിലെ വിലക്കുറവ് കണക്കിലെടുത്ത് പലരും കോഴിക്കൃഷിയിൽ നിന്നു പിന്മാറുകയും ചെയ‌്തിരുന്നു. ഈ രണ്ട് കാരണങ്ങളും കൊണ്ട് കോഴികളുടെ എണ്ണത്തിൽ ഉണ്ടായ വൻകുറവ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമായി.

തമിഴ്നാടും കർണാടകയും  ഈ അവസരം  ഫലപ്രദമായി പ്രയോജനപ്പെടുത്തി. ഒരാഴ്ചയിൽ 32 ലക്ഷം കോഴിക്കുഞ്ഞുങ്ങളാണ് കേരളത്തിലെ ഫാമുകളിൽ എത്തുന്നത്. ഇതിൽ  65 ശതമാനം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും 35 ശതമാനം കേരളത്തിലും വിരിയിക്കുന്നതാണ്. ഒരു കോടി കിലോ ഇറച്ചിയാണ് മലയാളികൾ ഒരാഴ്ച ഭക്ഷിക്കുന്നത്. 

കേരളത്തിലെ കോഴി ഫാമുകളിൽ വെങ്കിടേശ്വര, സുഗുണ, ശാന്തി, സെൽവ, ശരവണ തുടങ്ങിയ ഇതര സംസ്ഥാന വൻകിട വ്യവസായികളും തോംസൺ ഗ്രൂപ്പ് പോലുള്ള കേരളത്തിലെ പ്രമുഖ വ്യവസായികളുമാണ് കരാറടിസ്ഥാനത്തിൽ കോഴിക്കൃഷി നടത്തുന്നത്. 20 ശതമാനത്തിൽ താഴെ മാത്രമാണ‌് കേരളത്തിൽ കൃഷിക്കാർ കോഴി കൃഷി ചെയ്യുന്നത്. ഇവർക്കാകട്ടെ ഈ രംഗത്തെ കുത്തകളോട് പിടിച്ചുനിൽക്കാനാകാതെ കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. 

കോഴി കർഷകർക്കു വേണ്ടി രൂപംകൊണ്ട കെപ്കോ, മാംസ വിപണന രംഗത്തെ എംപിഐ പോലുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ടത്ര രീതിയിൽ ഈ രംഗത്ത് പ്രവർത്തിക്കാൻ കഴിയാത്തതും വില നിലവാരം പിടിച്ചുനിർത്താൻ കഴിയാതാക്കി. പോത്ത്, പന്നി, താറാവ് എന്നിവയ‌്ക്ക് വില സ്ഥിരത നിൽക്കുന്നതു പോലെ കോഴിക്കും നിശ്ചിത വില നിലനിർത്താൻ സർക്കാർ ഇടപെടണമെന്നാണ് കൃഷിക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. അതേസമയം ദീപാവലി കഴിഞ്ഞ് വൃശ്ചിക മാസത്തോടെ വില നിലവാരം സാധാരണ നിലയിലേക്ക് വരുമെന്നാണ് വിദഗ‌്ധർ പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com