ക്ഷേത്രകവര്‍ച്ചയില്‍ അഗ്രഗണ്യന്‍; ഒടുവില്‍ കുടുങ്ങി; ഭഗവാന്‍ രമേശ് അറസ്റ്റില്‍

തമിഴ്‌നാട് ദിണ്ടിഗല്‍, സെമ്പട്ടി സ്വദേശി രമേശ് എന്ന ഭഗവാന്‍ രമേശിന് ഭഗവതി രമേശ്, ഭണ്ഡാര രമേശ് എന്നീ പേരുകളുമുണ്ട്
ക്ഷേത്രകവര്‍ച്ചയില്‍ അഗ്രഗണ്യന്‍; ഒടുവില്‍ കുടുങ്ങി; ഭഗവാന്‍ രമേശ് അറസ്റ്റില്‍


പാലക്കാട്: അമ്പലങ്ങളില്‍ മാത്രം മോഷണം നടത്തുന്ന ഭഗവാന്‍ രമേശ് അറസ്റ്റില്‍. പാലക്കാട് വാളയാര്‍ പൊലീസാണ് രമേശിനെ അറസ്റ്റു ചെയ്തത്. മലപ്പുറം പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍ ഏറെയുമെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട് ദിണ്ടിഗല്‍, സെമ്പട്ടി സ്വദേശി രമേശ് എന്ന ഭഗവാന്‍ രമേശിന് ഭഗവതി രമേശ്, ഭണ്ഡാര രമേശ് എന്നീ പേരുകളുമുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മോഷണങ്ങളിലൂടെയാണ് രമേശിന് ഇത്തരത്തിലുള്ള വിളിപ്പേരുകള്‍ ലഭിച്ചത്.കഴിഞ്ഞ മൂന്നു മാസമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ നടന്നു വന്ന നിരവധി ക്ഷേത്ര മോഷണ കേസ്സുകള്‍ക്ക് ഇതോടെ പൊലീസിന് തുമ്പ് ലഭിച്ചു.

വാളയാര്‍ സത്രപ്പടി മാരിയമ്മന്‍ ക്ഷേത്രം, പുതുശ്ശേരി, വടക്കേത്തറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം, അകത്തേത്തറ വേട്ടക്കൊരുമകന്‍ ക്ഷേത്രം, ഇങ്ങനെ ലക്കിടി , കൊപ്പം , പെരുമടിയൂര്‍, കുറ്റിപ്പുറം ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ കൊളളയടിച്ചു. ക്ഷേത്രഭണ്ഡാരങ്ങളും ക്ഷേത്ര ഓഫീസുകളുമാണ് മോഷണത്തിന് തിരഞ്ഞെടുത്തിരുന്നത്. അടുത്തിടെ ഏകദേശം ഒരു ലക്ഷം രൂപ കളവ് ചെയ്തതായി പ്രതി സമ്മതിച്ചു. കൂടാതെ പണി പൂര്‍ത്തിയാകാത്ത വീടുകളില്‍ നിന്ന് ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ച് വിറ്റിരുന്നു.കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. പിന്നീട് വാളയാര്‍  കോയമ്പത്തൂര്‍ അതിര്‍ത്തിയില്‍ താമസിച്ച് കളവ് നടത്തി വരുകയായിരുന്നു. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണം മദ്യത്തിനും, കഞ്ചാവിനുമാണ് ഉപയോഗിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com