ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാര്‍ക്ക് വിവാഹ ധനസഹായവുമായി സര്‍ക്കാര്‍; ലഭിക്കുന്നത് 30,000 രൂപ 

ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറി നിയമപരമായി വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്
ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാര്‍ക്ക് വിവാഹ ധനസഹായവുമായി സര്‍ക്കാര്‍; ലഭിക്കുന്നത് 30,000 രൂപ 

തിരുവനന്തപുരം: നിയമപരമായി വിവാഹിതരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം. ഇതിലേക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അവർ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് ധനസഹായം അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറി നിയമപരമായി വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ധനസഹായം അനുവദിച്ചുനൽകും.  ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നതും വിവാഹശേഷം ഒരു വര്‍ഷത്തിനകവും ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നതും ധനസഹായം ലഭിക്കാനുള്ള നിബന്ധനകളിൽ ഉൾപ്പെടുന്നു. 

അപേക്ഷയോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം എന്നിവയും ഹാജരാക്കണം. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. വിവാഹ ധനസഹായം ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുളള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com