ശരണംവിളിയെ ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഒളിത്താവളമാക്കി മാറ്റാന്‍ ശ്രമിക്കുന്നു; സുനില്‍ പി ഇളയിടം

ആചാരങ്ങളെ ലംഘിച്ചുതന്നെയാണ് കേരളം ഇന്നു കാണുന്ന നിലയിലേക്ക് എത്തിയത്. അഞ്ചു ദിവസം ശബരിമലയില്‍ ആരും കയറിയില്ല എന്ന ഹുങ്ക് ആര്‍ക്കും വേണ്ട. ആളുകള്‍ കയറിക്കോളും. കാലം ഇത്തരക്കാര്‍ക്ക് ചില തിരിച്ചടികള്‍ 
ശരണംവിളിയെ ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഒളിത്താവളമാക്കി മാറ്റാന്‍ ശ്രമിക്കുന്നു; സുനില്‍ പി ഇളയിടം

കൊച്ചി: ആചാരം സംരക്ഷിക്കണമെന്ന് പറയുന്നവര്‍  ശരണം വിളിയെ ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഒളിത്താവളമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ഡോക്ടര്‍ സുനില്‍ പി ഇളയിടം. മാറ്റാന്‍ കഴിയാത്ത ഒരു ആചാരവും ഇല്ല. ആചാരങ്ങളെ ലംഘിച്ചുതന്നെയാണ് കേരളം ഇന്നു കാണുന്ന നിലയിലേക്ക് എത്തിയത്. അഞ്ചു ദിവസം ശബരിമലയില്‍ ആരും കയറിയില്ല എന്ന ഹുങ്ക് ആര്‍ക്കും വേണ്ട. ആളുകള്‍ കയറിക്കോളും. കാലം ഇത്തരക്കാര്‍ക്ക് ചില തിരിച്ചടികള്‍ നല്‍കുന്നത് അങ്ങനെയാണ് എന്ന്‌ 'ശബരിമല; കോടതിവിധിയും കേരള നവോത്ഥാനവും' എന്ന വിഷയത്തില്‍ കേരള സ്‌റ്റേറ്റ് ജനറല്‍ ഇന്‍ഷൂറന്‍സ് യൂണിയനും പീപ്പിള്‍ ഫോര്‍ സോഷ്യലിസം ദൈ്വമാസികയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നവോത്ഥാന പ്രസ്ഥാനങ്ങള്‍, ദേശീയ പ്രസ്ഥാനം, ഇടുതുപക്ഷം എന്നിവയുടെ ഒരു നൂറ്റാണ്ട്കാലത്തെ  പ്രവര്‍ത്തനഫലമായാണ് കേരളം സൃഷ്ടിക്കപ്പെട്ടത്. ആ കേരളത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാകുമോ എന്നാണ് ആചാര സംരക്ഷണത്തിന്റെ പേരും പറഞ്ഞ് ചിലര്‍ നോക്കിയത്. കേരളത്തെ സംബന്ധിച്ച് നിര്‍ണായക കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാനം, സ്ത്രീ സ്വാതന്ത്ര്യം,ജാതി വിരുദ്ധം തുടങ്ങിയ മൂല്യങ്ങള്‍ അരനൂറ്റാണ്ടിനുള്ളില്‍ സമൂഹത്തില്‍ ദുര്‍ബലമായി. ഇതോടെ വീടുകള്‍ യാഥാസ്ഥിതികത്വത്തിന്റെ കേന്ദ്രമായി മാറി. ഇത്തരം വീട്ടകങ്ങളില്‍ നിന്നാണ് ആചാര സംരക്ഷണത്തിനായുള്ള മുറവിളികള്‍ മുഴങ്ങുന്നത്. ഇങ്ങനെയാണ് തന്ത്രിയും രാജാവുമാണ് വലുത് എന്ന ചിന്ത വരുന്നത്. നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങളും മാധ്യമങ്ങളും ഇതിനെ പിന്തുണയ്ക്കുന്നതായാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ധാര്‍മികതയെക്കാള്‍ ഉയരത്തില്‍ ഏതെങ്കിലും വിശ്വാസ സമൂഹത്തിന്റെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കില്ല. ഹിന്ദുത്വവാദികള്‍ക്ക് ഭരണഘടന ചുട്ടുകളയേണ്ടതാണ് എന്ന് തോന്നും. അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരുഘട്ടത്തില്‍ പോലും പങ്കെടുത്തിട്ടില്ല. ഭരണഘടന ഹിന്ദുവിന്റെ മതമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അനിവാര്യമായ ആചാരമായി ശബരിമലയില്‍ സ്ത്രീ വിലക്ക് നിനില്‍ക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിക്കഴിഞ്ഞു. അന്തിമ വിധി പ്രഖ്യാപിച്ചാല്‍ അത് നിയമം ആയി എന്നാണ് അര്‍ത്ഥം.ആ വിധി നടപ്പിലാക്കാതിരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും സാധ്യമല്ല. ഇതിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് ചിലര്‍ പറയുന്നത് കൂടെ നില്‍ക്കുന്നവരെ പറ്റിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com