ആചാരലംഘനം നടന്നാൽ കേരളം നിശ്ചലമാകും; വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും ശബരിമല യുവതി പ്രവേശനം തടയുമെന്ന് കെ.പി.ശശികല 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th October 2018 07:15 AM  |  

Last Updated: 26th October 2018 07:15 AM  |   A+A-   |  

sasikala

തലശ്ശേരി: വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും ശബരിമലയിലേക്ക് യുവതികൾ പ്രവേശിക്കുന്നത് തടയുമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ഈ മാസം അഞ്ചാം തിയതി ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും അവർ പറഞ്ഞു. തലശ്ശേരിയിൽ ശബരിമല കർമസമിതിയുടെ ധർമസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. 

ആചാരം പരിഷ്കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്, അഞ്ചുകൊല്ലം കൂടുമ്പോൾ മാറിവരുന്ന മന്ത്രിയല്ല, കെ.പി.ശശികല പറഞ്ഞു.

ശബരിമലയിലും ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികൾ പ്രതിജ്ഞയെടുക്കണമെന്നും സർക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോർഡ് വിശ്വാസികൾക്ക് ആവശ്യമില്ലെന്നും ശശികല പറഞ്ഞു. ഇടതുമുന്നണി പ്രകടനപത്രികയിൽ പരാമർശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനം കോടതിവിധിയുടെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.