കോടതി നിര്‍ദേശിച്ചു, ആറു പതിറ്റാണ്ടിനു ശേഷം രാജകുടുംബ ഭരണ സമിതിയില്‍ വനിതാ അംഗങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2018 09:10 AM  |  

Last Updated: 26th October 2018 09:10 AM  |   A+A-   |  

palace_highcourt

 

കൊച്ചി: കൊച്ചി രാജകുടുംബത്തിന്റെ ഭരണ സമിതിയില്‍ രണ്ടു വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. രാജകുടുംബത്തിന്റെ അധീനതയിലുള്ള കോടിക്കണക്കിനു സ്വത്തുക്കളുടെ ഭരണച്ചുമതല ഈ സമിതിക്കാണ്. 

1949ല്‍ സ്ഥാപിക്കപ്പെട്ട് ഇന്നേവരെ കൊച്ചി പാലസ് അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡില്‍ വനിതകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ബോര്‍ഡില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് 2012ല്‍ കൊച്ചമ്മിണി തമ്പുരാന്റെ നേതൃത്വത്തില്‍ പത്തു വനിതകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

നിര്‍മല തമ്പുരാന്‍, സുഗത തമ്പുരാന്‍ എന്നിവരാണ് പുതുതായി നിലവില്‍ വന്ന ബോര്‍ഡിലെ വനിതാ അംഗങ്ങള്‍. എസ് അനുജന്‍ തമ്പുരാന്‍ ആണ് പ്രസിഡന്റ്. വിജയന്‍ തമ്പുരാന്‍, ജയചന്ദ്രന്‍ തമ്പുരാന്‍ എ്ന്നിവരാണ് മറ്റ് അംഗങ്ങള്‍.

നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ വനിതകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് നിര്‍മല തമ്പുരാന്‍ പ്രതികരിച്ചു. വനിതാ അംഗങ്ങളുടെ അനുമതിയോടെ മാത്രമേ കൊച്ചി രാജകുടുംബത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി തീരുമാനമെടുക്കാനാവു എന്ന് അവര്‍ പറഞ്ഞു.