സംസ്ഥാനത്തെ റോഡുകള്‍ മികച്ചത് ; ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി ജി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2018 02:42 PM  |  

Last Updated: 26th October 2018 02:42 PM  |   A+A-   |  

sudhakaran-

കൊച്ചി : ഹൈക്കോടതി വിമര്‍ശനത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്തെ റോഡുകള്‍ വളരെ മികച്ചതാണ്. ഏതാനും റോഡുകള്‍ മാത്രമാണ് മോശമായിട്ടുള്ളത്. അവയുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. ദേശീയപാത തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് പോയാല്‍ വളരെ കുറച്ച് സ്ഥലത്ത് മാത്രമല്ലേ ഇപ്പോള്‍ കുഴപ്പമുള്ളൂ എന്നും മന്ത്രി ചോദിച്ചു. 

രണ്ട് ഫ്‌ളൈ ഓവറുകളാണ് കൊച്ചിയില്‍ പണിതുകൊണ്ടിരിക്കുന്നത്. ദീര്‍ഘകാലത്തെ ആവശ്യമാണിത്. ഇതൊന്നും ഈ നാട്ടിലല്ലേ നടക്കുന്നത്. എതിലേ പൊയാലും കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല പിഡബ്ലിയുഡി എന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതിയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. റോഡുകള്‍ നന്നാക്കണമെങ്കില്‍ ആളുകള്‍ മരിക്കണോ എന്ന് കോടതി ചോദിച്ചു. വിഐപി വന്നാല്‍ മാത്രമേ റോഡുകള്‍ നന്നാക്കൂ എന്ന സ്ഥിതി അംഗീകരിക്കാനാവില്ല. സംസ്ഥാനത്ത് ഭൂകമ്പം വല്ലതും ഉണ്ടായിട്ടാണോ റോഡുകള്‍ ഈ രീതിയില്‍ തകര്‍ന്നതെന്നും കോടതി ചോദിച്ചു. 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ച് ഹൈക്കോടതി കേസെടുക്കുകയും ചെയ്തു. കേസ് അടുത്ത ആഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.