കൊലക്കേസ്‌ പ്രതിയെ വിദേശത്തേക്ക് പോകാന്‍ സഹായിച്ചു; വാഹനം അഗ്നിക്കിരയാക്കി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th October 2018 05:41 AM  |  

Last Updated: 26th October 2018 05:41 AM  |   A+A-   |  

 

മലപ്പുറം: ഓട്ടം പോകാത്തതിനെ തുടര്‍ന്ന് തിരൂര്‍ പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ
 കുത്തിക്കൊന്ന കേസില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ സഹായിച്ചയാളുടെ ഓട്ടോ കത്തിനശിച്ച നിലയില്‍. ഷാഹുല്‍ഹമീദിന്റെ ഓട്ടോയാണ് ഇന്നലെ പുലര്‍ച്ചെ അഗ്‌നിക്കിരയായത്. പറവണ്ണ മുസ്ലിംജമാഅത്തിന് കീഴിലുള്ള സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വണ്ടി പൂര്‍ണ്ണമായും കത്തിനശിച്ചു.  

കഴിഞ്ഞ 16ന് രാത്രി പറവണ്ണയില്‍ ഓട്ടം വിളിച്ചിട്ടു പോകാത്ത വൈരാഗ്യത്തിന് കളരിക്കല്‍ മുഹമ്മദ് യാസീന്‍(40) എന്ന ഓട്ടോ െ്രെഡവറെ പള്ളാത്ത് ആദം കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇയാളുടെ സഹോദരന്‍ നൗഷാദും കൂടെയുണ്ടായിരുന്നു. ആദം നിരവധി കേസുകളില്‍ പ്രതിയാണ്. ആദമിനോടൊപ്പം കേസില്‍ പ്രതിയായ നൗഷാദ് സംഭവത്തിന് രണ്ട് ദിവസം മുമ്പു വിദേശത്ത് നിന്നും നാട്ടിലെത്തിയത്.  കേസില്‍ പെട്ടതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.  നൗഷാദിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഷാഹുല്‍ഹമീദാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ ഓട്ടോ അഗ്‌നിക്കിരയായത്. സംഭവത്തില്‍  തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേസിലെ ഒന്നാം പ്രതി ആദമിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ആദം മദ്യപിച്ചതിനാലാണ് യാസീന്‍ ട്രിപ്പു പോകാന്‍ വിസമ്മതിച്ചത്. ഉടനെ കുത്തി വീഴ്ത്തുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലില്‍വെച്ചാണ് പോലീസിന്റെ പിടിയിലായത്.