ഭാര്യയെ കൊന്ന് കടന്നയാള്‍ 15 വര്‍ഷത്തിന് ശേഷം പിടിയില്‍: ഇതുവരെ മലയാളി ജീവിച്ചത് പേരും ഭാഷയും വരെ മാറ്റി

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ പതിനഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി.
ഭാര്യയെ കൊന്ന് കടന്നയാള്‍ 15 വര്‍ഷത്തിന് ശേഷം പിടിയില്‍: ഇതുവരെ മലയാളി ജീവിച്ചത് പേരും ഭാഷയും വരെ മാറ്റി

ബെംഗളൂരു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ പതിനഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി. ഇത്രയും കാലം ഇയാള്‍ പേരും ഭാഷയുമടക്കമുള്ള എല്ലാ വിവരങ്ങളും മറച്ച് വെച്ച് മറ്റൊരാളായി. നാല്‍പത്തിരണ്ടുകാരനായ തരുണ്‍ ജിനരാജാണ് ബെംഗളൂരില്‍ പിടിയിലായത്. 

പിടിയിലാകുമ്പോള്‍ ബെംഗളൂരുവില്‍ മറ്റൊരു പേരില്‍ വിവാഹം കഴിച്ച് കുടുംബമായി ആറു വര്‍ഷമായി കഴിയുകയായിരുന്നു തരുണ്‍. 2003 ഫെബ്രുവരി 14 പ്രണയദിനത്തില്‍  അഹമ്മദാബാദില്‍ വെച്ചാണ് തരുണ്‍ ഭാര്യ സജിനിയെ  കൊലപ്പെടുത്തിയത്. 

ആകെ മൂന്നു മാസം മാത്രമായിരുന്നു സജിനിയും തരുണും ഒന്നിച്ച് ജീവിച്ചത്. തരുണിന്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമായത്. സജിനിയെ കൊന്നതിന് ശേഷം ഇത് മോഷണത്തിന് ശേഷമുള്ള കൊലപാതകമാക്കി മാറ്റാനും ഇയാള്‍ മറന്നില്ല. ഇയാള്‍ ഇത് ചിത്രീകരിക്കുകയും ചെയ്തു. ബാസ്‌ക്കറ്റ് ബോള്‍ പരിശീലകനായിരുന്ന തരുണ്‍ കൊലപാതകത്തിന് ശേഷം ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 11,000 രൂപയും പിന്‍വലിച്ചാണ് രക്ഷപ്പെട്ടത്.

14 വര്‍ഷമായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി തരുണിന്റെ മാതാവ് അന്നമ്മ ചാക്കോയെ ഈയടുത്ത് െ്രെകംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. അയല്‍ക്കാരെ ചോദ്യം ചെയ്തപ്പോള്‍ അന്നമ്മയ്ക്ക് രണ്ട് മക്കളുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരണം നടത്തി. തരുണിന്റെ അമ്മ സ്ഥിരമായി കേരളത്തിലും ബംഗലൂരുവിലും സന്ദര്‍ശനം നടത്താറുണ്ടെന്ന വിവരവും അയല്‍ക്കാരാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

കേരളത്തില്‍ മതകാര്യ കേന്ദ്രങ്ങളില്‍ എത്താറുള്ള അന്നമ്മയുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു, ഇതില്‍ ബെംഗളൂരുവില്‍ നിന്നുളള കോളുകളും കണ്ടെത്തി. ഒരു നമ്പര്‍ തരുണിന്റെ രണ്ടാം ഭാര്യ നിഷയുടേത് ആയിരുന്നു. മറ്റൊരു കോള്‍ ബംഗളൂരുവിലെ ഒറാക്കിള്‍ സ്ഥാപനത്തിന്റേതും. എന്നാല്‍ ഇവിടെ തരുണ്‍ എന്ന പേരില്‍ ആരും ജോലി ചെയ്യുന്നില്ലെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. 

തുടര്‍ന്ന് പൊലീസ് നിഷയുടെ മേല്‍വിലാസം കണ്ടെത്തി. എന്നാല്‍ പ്രവീണ്‍ ബട്ടാലിയ എന്ന ആളാണ് നിഷയുടെ ഭര്‍ത്താവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിഷയുടെയും കുട്ടികളുടേയും ചിത്രത്തിനൊപ്പം തരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് വീണ്ടും ഒറാക്കിളില്‍ അന്വേഷണം നടത്തി. പ്രവീണ്‍ ഭട്ടാലിയ എന്നയാള്‍ തന്നെയാണ് തരുണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നിഷയെ വിളിച്ച് തരുണ്‍ തന്റെ ശരിയായ പേര് വെളിപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചെന്ന് പറഞ്ഞായിരുന്നു തരുണ്‍ നിഷയെ വിവാഹം ചെയ്തത്. മാതാപിതാക്കള്‍ കാണാന്‍ വരുമ്പോള്‍ ബന്ധുക്കളാണെന്ന് പറഞ്ഞാണ്  പരിചയപ്പെടുത്തിയിരുന്നത്.

തരുണിന്റെ ജൂനിയറായി പഠിച്ചയാളാണ് പ്രവീണ്‍ ബട്ടാലിയ. ആ പേര് കടമെടുത്തതോടൊപ്പം വ്യാജ മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡും ഇയാള്‍ ഇയാള്‍ ഉണ്ടാക്കി എടുക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് മാറുന്നതിന് മുന്‍പ് കുറച്ചു നാള്‍ ഇയാള്‍ പൂണൈയിലായിരുന്നു. അവിടെവെച്ചായിരുന്നു നിഷയെ പരിചയപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com