വീടുകളുടെ ഭിത്തികളിലും തിണ്ണയിലും രക്തം; ഉച്ചവരെ പരക്കംപാഞ്ഞ് നാട്ടുകാര്‍, ഒടുവില്‍ കഥ ഇങ്ങനെ 

എളമക്കരയില്‍ ഇരുപതോളം വീടുകളില്‍ രക്തക്കറ കണ്ടെത്തിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി
വീടുകളുടെ ഭിത്തികളിലും തിണ്ണയിലും രക്തം; ഉച്ചവരെ പരക്കംപാഞ്ഞ് നാട്ടുകാര്‍, ഒടുവില്‍ കഥ ഇങ്ങനെ 

കൊച്ചി: എളമക്കരയില്‍ ഇരുപതോളം വീടുകളില്‍ രക്തക്കറ കണ്ടെത്തിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. പുലര്‍ച്ചെയാണ് വീടുകളുടെ ഭിത്തികളിലും തിണ്ണയിലും ചോരപ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉച്ചവരെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാട്ടുകാര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരം ലഭിച്ചത്. സമീപത്ത് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ നായയുടെ ശരീരത്തില്‍ നിന്നാകാം രക്തം തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും നാട്ടുകാരുടെ ഭീതി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല.ചുവരുകളിലെ രക്തം കഴുകിക്കളഞ്ഞതിനുശേഷവും അസഹ്യമായ ഗന്ധം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

എളമക്കര പുതുക്കലവട്ടം മാക്കാപ്പറമ്പിലാണ് ഇരുപതോളം വീടുകളുടെ ചുവരുകളില്‍ രാവിലെ രക്തം തെറിച്ചനിലയില്‍ കണ്ടെത്തിയത്.  പൊലീസും നാട്ടുകാരും കൗണ്‍സിലറും ചേര്‍ന്ന് ഉച്ചവരെ നടത്തിയ തിരച്ചിലില്‍ സമീപത്ത് ചെവിക്ക് മുറിവേറ്റ നിലയില്‍ നായയെ കണ്ടെത്തുകയായിരുന്നു. ചെവി അറ്റുപോയ തെരുവുപട്ടി വേദനകൊണ്ട് പരക്കം പാഞ്ഞ് തലകുടഞ്ഞപ്പോള്‍ വീണതാകാം രക്തത്തുളളികള്‍ എന്ന നിഗമനത്തിലാണ് പൊലീസും നാട്ടുകാരും. നായയുടെ ശരീരത്തില്‍ നിന്നാകാം വീടുകളുടെ ചുവരുകളില്‍ രക്തം തെറിച്ചതെന്ന പ്രാഥമിക വിലയിരുത്തലിലുമാണ് പൊലീസ്. 

ആരോഗ്യവിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. ചുവരുകളിലെ രക്തം കഴുകിക്കളഞ്ഞതിനുശേഷവും അസഹ്യമായ ഗന്ധം തുടരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മുറിവേറ്റ നിലയില്‍ കണ്ടെത്തിയ നായയെ സ്ഥലത്തുനിന്ന് നീക്കി. രക്തസാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com