കഴുത്തിൽ കുരുക്കുമായി പ്രസിഡന്റ്, പ്രതിഷേധവുമായി വനിതാ അം​ഗങ്ങൾ, ചാർജ് എടുക്കാനാകാതെ സെക്രട്ടറി ; നാവായിക്കുളം പഞ്ചായത്തിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 07:33 AM  |  

Last Updated: 27th October 2018 07:33 AM  |   A+A-   |  

തിരുവനന്തപുരം : പുതുതായി ചാർജെടുക്കാൻ നാവായിക്കുളം പഞ്ചായത്തിൽ എത്തിയ സെക്രട്ടറി അഭിമുഖീകരിച്ചത് നാടകീയ രം​ഗങ്ങൾ. പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത പ്രതിഷേധത്തെയും പ്രസിഡന്റിന്റെ ആത്മഹത്യാഭീഷണിയെയും തുടർന്ന് ചാർജെടുക്കാനാകാതെ സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടി വന്നു. ആരോപണവിധേയയായതിനെ തുടർന്ന് പഞ്ചായത്തിൽനിന്നു രണ്ടുവർഷം മുൻപു സ്ഥലംമാറിപ്പോയ സെക്രട്ടറി ഷീജാമോൾ വീണ്ടും തിരിച്ചുവന്നതിനെ തുടർന്നാണ് പഞ്ചായത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 

 കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണു സംഭവങ്ങളുടെ തുടക്കം. പഞ്ചായത്ത് ഡയറക്ടറേറ്റിൽനിന്ന് അഡീഷനൽ ഡയറക്ടറുമായാണ് സെക്രട്ടറി ചാർജെടുക്കാനെത്തിയത്. ഇതിനെതിരെ വനിതാ പഞ്ചായത്ത് അംഗങ്ങൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കല്ലമ്പലം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ പൊലീസ് സംരക്ഷണയിൽ ചാർജെടുപ്പിക്കാനുള്ള നീക്കം തുടങ്ങി. 

തുടർന്നു പ്രസിഡന്റ് കെ.തമ്പി സെക്രട്ടറിയുടെ മുറിയിൽ കയറി വാതിലുകൾ അടയ്ക്കുകയും ഫാനിന്റെ ഹുക്കിൽ കേബിൾ വയർ കുരുക്കി കഴുത്തിലണിഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ജനലിലൂടെ ഇതു കണ്ട പൊലീസും പഞ്ചായത്ത് അംഗങ്ങളും വാതിൽ ബലംപ്രയോഗിച്ചു തുറന്നു പ്രസിഡന്റിനെ അനുനയിപ്പിച്ചു താഴെയിറക്കിയതോടെയാണു സംഭവങ്ങൾക്ക് അയവു വന്നത്. അടിക്കടി സെക്രട്ടറിമാർ മാറിമാറി വന്നു പഞ്ചായത്തിന്റെ വികസനം മുരടിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണു കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്ത്, സെക്രട്ടറിയെ തടഞ്ഞത്. 

സെക്രട്ടറിയെ മാറ്റാതെ ഒരു ഒത്തുതീർപ്പിനും തയാറല്ല എന്ന നിലപാടിൽ പഞ്ചായത്തിലെ കോൺഗ്രസ്, ബിജെപി അംഗങ്ങൾ ഉറച്ചുനിന്നതോടെ പൊലീസും പ്രതിസന്ധിയിലായി. ഒടുവിൽ പഞ്ചായത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടശേഷം അവരുടെ നിർദേശപ്രകാരം സെക്രട്ടറി തിരികെ മടങ്ങുകയായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ  നാവായിക്കുളം പഞ്ചായത്തിൽ പത്ത് സെക്രട്ടറിമാരാണ് ചാർജെടുത്തത്.  ഇതിൽ ചിലർ ജോലിനോക്കിയത് ഏതാനും മാസം മാത്രം. മാസങ്ങളോളം സെക്രട്ടറിയില്ലാതെ പഞ്ചായത്ത് ഭരണം പ്രതിന്ധിയിലായതും അടുത്ത് വാർത്തയായിരുന്നു. 

ഇത്തരം നടപടികളിലൂടെ പഞ്ചായത്തിന്റെ വിലപ്പെട്ട സമയം നഷ്ടമായതായും പദ്ധതി ആസൂത്രണങ്ങൾ അവതാളത്തിലായതായും പെൻഷൻ വിതരണം, വാർഷിക പദ്ധതി നിർവഹണം, വികസന പ്രവർത്തനങ്ങൾ എന്നിവയെല്ലാം പ്രതിസന്ധിയിലായതായും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രധാന ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള മാറ്റങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.