നമ്പര്‍ പ്ലേറ്റില്‍ ഇനി അലങ്കാരം വേണ്ട; പിടി വീണാല്‍ പിഴ അയ്യായിരം വരെ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 05:57 AM  |  

Last Updated: 27th October 2018 05:57 AM  |   A+A-   |  

 

കൊച്ചി: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കാര, ചിത്രപ്പണികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്. ഇത്തരം വാഹനങ്ങള്‍ പിടികൂടി 2000 മുതല്‍ 5000 വരെ പിഴ അടപ്പിക്കാനാണ് നിര്‍ദ്ദേശം. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 2000, ലൈറ്റ് വാഹനങ്ങള്‍ക്ക് 3000, മീഡിയം വാഹനങ്ങള്‍ക്ക് 4000, ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപ വീതമാണ് പിഴ ഈടാക്കുക. 

നമ്പര്‍ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍ പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുകയോ മായുകയോ ചെയ്താലും പിഴ ഈടാക്കും. ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ട് വരിയില്‍ തന്നെ നമ്പര്‍ രേഖപ്പെടുത്തണം. മുന്‍പില്‍ ഒറ്റവരിയായി എഴുതാം. മോട്ടോര്‍ കാര്‍, ടാക്‌സി കാര്‍  എന്നിവയ്ക്ക് മാത്രമെ മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ എഴുതാകു.

കൗതകവും വ്യത്യസ്തതയും തേടി നിയമവിരുദ്ധമായ നമ്പര്‍ പ്ലേറ്റ് വയ്ക്കുന്ന വാഹനങ്ങള്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോകുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാറില്ലെന്ന് എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. 3,4,6,8,9 നമ്പരുകളാണ് വായിച്ചെടുക്കാന്‍ ഏറ്റവും പ്രയാസം.