മഞ്ചേശ്വരത്ത് ലീഗ് പരീക്ഷണത്തിനില്ല ; മുനവറലി തങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 09:04 AM  |  

Last Updated: 27th October 2018 09:04 AM  |   A+A-   |  

കോഴിക്കോട് : മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവര്‍ അലി തങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. മുനവറലിയുടെ പേരാണ് ലീഗ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നതെന്നാണ് സൂചന. ലീഗ് എംഎല്‍എ പിബി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

അതേസമയം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലെ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാകും ഉപതെരഞ്ഞെടുപ്പ്. എംഎല്‍എ റസാഖ് മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നുണ്ടോ എന്ന് കോടതി കഴിഞ്ഞദിവസം സുരേന്ദ്രനോട് ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്. 

കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അന്ന് സുരേന്ദ്രന്‍ നല്‍കുന്ന മറുപടി അനുസരിച്ചായിരിക്കും ഉപതെരഞ്ഞെടുപ്പ് ആണോ, നിയമനടപടി തുടരുന്നോ എന്ന കാര്യത്തില്‍ തീരുമാനമാകുക. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന് ഒന്നും ചെയ്യാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ശബരിമല വിഷയം കത്തിനില്‍ക്കുന്നതും, മുസ്ലിം വിഭാഗത്തിലെ ഇ കെ, സുന്നി വിഭാഗങ്ങള്‍ ഇടതുപക്ഷത്തോട് അടുത്തുനില്‍ക്കുന്ന സാഹചര്യത്തിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ലീഗ് നേതൃത്വത്തില്‍ ഉയരുന്ന അഭിപ്രായം. ലീഗിലെ സര്‍വ്വ സമ്മതനെന്നതും, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനെന്നതും മുനവറലിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മികച്ച പ്രതിച്ഛായയുള്ള മുനവറലിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുസ്ലിങ്ങള്‍ക്ക് തള്ളിക്കളയാനാകില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.