ശബരിമല :  ഇതുവരെ പിടിയിലായത് 2825 പേര്‍, നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രം അറസ്റ്റ് വേണ്ടെന്ന് ഡിജിപി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 11:00 AM  |  

Last Updated: 27th October 2018 11:00 AM  |   A+A-   |  

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു നേര്‍ക്കുള്ള പൊലീസ് നടപടി തുടരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 2825 പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. 495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 1600 പേരെ ജാമ്യത്തില്‍ വിട്ടതായും, അവശേഷിക്കുന്നവരെ റിമാന്‍ഡ് ചെയ്തതായാണുമാണ് അറിയിച്ചിട്ടുള്ളത്. 

പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമികല്‍, സ്ത്രീകളെ കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അല്ലാത്തവരെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തിലോ, കോടതിയില്‍ ഹാജരാക്കി ജാമ്യത്തിലോ വിടുകയാണ് ചെയ്തത്. അതേസമയം അറസ്റ്റ് അടക്കമുള്ള നടപടികള്‍ ജാഗ്രതയോടെ വേണമെന്ന് പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാമജപങ്ങളിലോ, പ്രതിഷേധ യാത്രയിലോ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടി എടുക്കരുതെന്നാണ് ഡിജിപി പൊലീസിന് നല്‍കിയ നിര്‍ദേശം. സംഘര്‍ഷങ്ങളില്‍ കുറ്റകരമായ രീതിയില്‍ പ്രവര്‍ത്തിച്ചവരെ, വീഡിയോ അടക്കം ഉറപ്പാക്കിയ ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാവൂ എന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെ, കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുന്ന പ്രവൃത്തി ഉണ്ടാകരുതെന്നും പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.