സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കാറുകള്‍ കത്തി നശിച്ചു; ആശ്രമത്തിന് മുന്നില്‍ റീത്ത്; സംഘ്പരിവാറെന്ന് ആരോപണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th October 2018 06:14 AM  |  

Last Updated: 27th October 2018 02:36 PM  |   A+A-   |  

swami1

 

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തരപുരത്തെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. പുലര്‍ച്ചയെത്തിയ അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ട്. 

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം. കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് സന്ദീപാനന്ദഗിരി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസിനെ വിളിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. രണ്ട് വാഹനത്തിലെത്തിയ സംഘമാണ് തീയിട്ടെതെന്നാണ് കരുതുന്നത്. അക്രമി സംഘത്തില്‍ എത്ര പേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദ ഗിരി സ്വീകരിച്ച നിലപാടിനെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ സന്ദീപാനന്ദഗിരി പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.