കലാപശ്രമത്തെ അടിച്ചമർത്തണം; സന്ദീപാനന്ദ​ഗിരിക്കെതിരായ ആക്രമണത്തിൽ  ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം: വിഎസ്

 സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ആക്രമിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന്‍റെ ഉത്തരവാദികളെ ഏറ്റവും വേഗം പിടികൂടണമെന്ന് വി.എസ് അച്യുതാനന്ദന്‍
കലാപശ്രമത്തെ അടിച്ചമർത്തണം; സന്ദീപാനന്ദ​ഗിരിക്കെതിരായ ആക്രമണത്തിൽ  ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം: വിഎസ്

തിരുവനന്തപുരം:  സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ആക്രമിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന്‍റെ ഉത്തരവാദികളെ ഏറ്റവും വേഗം പിടികൂടണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ അവരുടെ ഉന്നതതലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ഭീകര ആക്രമണമെന്നും വി.എസ് ആരോപിച്ചു. 

ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തിലടക്കം സംഘപരിവാറിന്‍റേതില്‍ നിന്ന് വ്യത്യസ്തമായ സ്വതന്ത്ര നിലപാടാണ് സ്വാമി സന്ദീപാനന്ദ സ്വീകരിച്ചത്. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ പോലും ഉന്മൂലനം ചെയ്യുന്ന ആര്‍.എസ്.എസ്- സംഘപരിവാറിന്‍റെ ഫാസിസ്റ്റ് നയത്തിന്‍റെ ഭാഗമാണ് ഈ ആക്രമണം. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ കലാപം ഇളക്കി വിടാന്‍ ആര്‍.എസ്.എസും അതിന്‍റെ പരിവാര്‍ സംഘടനകളും ചേര്‍ന്ന് ഗൂഢനീക്കം നടത്തി വരികയാണെന്നും വി.എസ് പറഞ്ഞു.

ഇത് മുന്നില്‍ കണ്ട് സംസ്ഥാനത്തെ പൊലീസ് ഇന്‍റലിജന്‍സ് സംവിധാനം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സ്വാമി സന്ദീപാനന്ദയുടെ ആശ്രമത്തിന് നേരെയുണ്ടായ ഈ ഭീകരാക്രമണത്തില്‍ ഇന്‍റലിജന്‍സ് വീഴ്ച്ചയുണ്ടായോ എന്നുകൂടി ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കലാപാസൂത്രണം സംഘപരിവാര്‍ ശക്തികള്‍ ചേര്‍ന്ന് നടത്തിവരികയാണ്. അവരുടെ മേലാള്‍ ശനിയാഴ്ച്ച കേരളത്തില്‍ എത്തുന്നത് പ്രമാണിച്ച്, തങ്ങള്‍ ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ ദിവസം തന്നെ ആക്രമണത്തിന് നിശ്ചയിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും, ഇത്തരം ശക്തികളെ വെച്ചുപൊറുപ്പിക്കാനാവില്ല. കലാപശ്രമത്തെ അടിച്ചമര്‍ത്തണമെന്നും വി.എസ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com