'കേരളത്തില്‍ അടിയന്തരാവസ്ഥ, സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല'; സ്ത്രീ- പുരുഷ സമത്വം ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടതെന്നും അമിത് ഷാ

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ ഭീകരതയാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഭക്തരെ അടിച്ചമര്‍ത്താനാണ് തുടര്‍ന്
'കേരളത്തില്‍ അടിയന്തരാവസ്ഥ, സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല'; സ്ത്രീ- പുരുഷ സമത്വം ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടതെന്നും അമിത് ഷാ

 കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥയെക്കാള്‍ ഭീകരതയാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഭക്തരെ അടിച്ചമര്‍ത്താനാണ് തുടര്‍ന്നും ശ്രമമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സ്ത്രീ പുരുഷ സമത്വം രാജ്യത്ത് നടപ്പിലാക്കേണ്ടത് ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല.

ശരണമന്ത്രങ്ങള്‍ ഉരുവിടുന്ന അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞു? ഭക്തരെ അപമാനിക്കുകയാണ് ഇടത് സര്‍ക്കാര്‍.ശബരിമലയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അമിത് ഷാ വ്യക്തമാക്കി.  അയ്യപ്പഭക്തരുടെ അവകാശങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത്.  ഇത് തീക്കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കും. കോടതി വിധിക്കെതിരെ പ്രതിഷേധവുമായെത്തിയത് അയ്യപ്പ ഭക്തരായ സ്ത്രീകള്‍ തന്നെയാണ്. അവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയ പിണറായി വിജയന് മുഖ്യമന്ത്രി പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു. ശബരിമലയിലേക്ക് നോക്കി ഇരിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ വികസനത്തിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്തി നല്‍കുന്നതാണ് ജനങ്ങള്‍ക്ക് ഗുണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

കോടതിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് അമിത്ഷാ നടത്തിയത്. അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് കോടതികള്‍ പിന്‍മാറണം.  അഞ്ച് കോടി ഭക്തജനങ്ങളുടെ വിശ്വാസം ബലി കഴിച്ചിട്ടല്ല കോടതി വിധി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതം ഒരിക്കലും സ്ത്രീകളോട് വിവേചനം കാണിക്കുന്നില്ലെന്നും ചില ക്ഷേത്രാചാരങ്ങള്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

ശബരിമല വിധി നടപ്പാക്കുന്നതിന് മുമ്പ് പ്രളയക്കെടുതി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇടത് സര്‍ക്കാരിനെ തുറന്ന് കാട്ടുന്നതിനും ശബരിമലയെ സംരക്ഷിക്കുന്നതിനുമായി ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 12 വരെ ബിജെപി സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കും.  ഈ പ്രതിഷേധ യോഗങ്ങളില്‍ എന്‍എസ്എസ്സും ബിജെപിക്കൊപ്പം നില്‍ക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.  ബിജെപിയുടെ കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അമിത് ഷാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com