ബിജെപി ദേശീയ അധ്യക്ഷന്‍ എത്തുന്ന ദിവസംതന്നെ സന്ദീപാനന്ദഗിരിയെ വീടോടെ ചുട്ടെരിക്കാന്‍ ശ്രമിച്ചത് യാദൃച്ഛികമല്ല: ഇ. ചന്ദ്രശേഖരന്‍

ഈ നരാധമന്‍മാരുടെ ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ മുഴുവന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നില്‍ക്കണം
ബിജെപി ദേശീയ അധ്യക്ഷന്‍ എത്തുന്ന ദിവസംതന്നെ സന്ദീപാനന്ദഗിരിയെ വീടോടെ ചുട്ടെരിക്കാന്‍ ശ്രമിച്ചത് യാദൃച്ഛികമല്ല: ഇ. ചന്ദ്രശേഖരന്‍

സ്വാമി സന്ദീപാനന്ദഗിരിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തുന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തത് യാദൃച്ഛികമാകാന്‍ വഴിയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ധാബോല്‍ക്കറുടെയും ഗൗരിലങ്കേഷിന്റെയും ചിന്തകള്‍ക്കും വാക്കുകള്‍ക്കും മുന്നില്‍ ഉത്തരം മുട്ടിയ വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ അവരെ വകവരുത്തി. സ്വതന്ത്ര ആത്മീയ ചിന്തകനും ആക്റ്റിവിസ്റ്റുമായ സ്വാമി അഗ്‌നിവേശിനെതിരെ ക്രൂരമായ പരസ്യ ആക്രമണം ഇക്കൂട്ടര്‍ നടത്തി. ഒടുവില്‍ ഇതാ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ എന്നും ജാഗ്രത പുലര്‍ത്തിയ കേരളത്തിന്റെ തലസ്ഥാനത്ത് ഭാരതീയ ദര്‍ശനത്തിന്റെ ഉപാസകനായ സ്വാമി സന്ദീപാനന്ദഗിരിയെ വീടോടെ ചുട്ടുകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഫാസിസം അതിന്റെ സര്‍വ്വ ഭീകരതയോടും കൂടി നമ്മുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തുന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഈ ഫാസിസ്റ്റ് അക്രമത്തിനെതിരെ പ്രതികരിക്കാന്‍ നാം ഇനിയൊട്ടും വൈകരുത്. ഭാരതീയ ദര്‍ശനത്തിന്റെ പൊരുള്‍ മനസ്സിലാക്കിയിട്ടില്ലാത്ത ഈ നരാധമന്‍മാരുടെ ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ മുഴുവന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നില്‍ക്കണം. ഇല്ലെങ്കില്‍, നമ്മുടെ പ്രിയപ്പെട്ട കേരളത്തെയും, ഇന്ത്യയെയും നമുക്ക് നഷ്ടപ്പെടും-അദ്ദേഹം പറഞ്ഞു. 

സന്ദീപാനന്ദഗിരിയുടെ തിരുവനന്തരപുരത്തെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചയെത്തിയ അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ട്.  കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് സന്ദീപാനന്ദഗിരി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. രണ്ട് വാഹനത്തിലെത്തിയ സംഘമാണ് തീയിട്ടെതെന്നാണ് കരുതുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദ ഗിരി സ്വീകരിച്ച നിലപാടിനെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ സന്ദീപാനന്ദഗിരി പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com