'ആചാരലംഘനം നടത്തിയാണ്‌ നമ്മള്‍ ഇവിടം വരെ എത്തിയത്, സ്ത്രീകള്‍ ശബരിമലയില്‍ കയറണം'; ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്നും ബെന്യാമീന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 06:38 PM  |  

Last Updated: 28th October 2018 06:38 PM  |   A+A-   |  

 കോട്ടയം: ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് എഴുത്തുകാരന്‍ ബെന്യാമീന്‍. സമാധാനമായി സ്ത്രീകള്‍ക്ക് ശബരിമലയില്‍ എത്താനുള്ള സൗകര്യം ഒരുക്കി നല്‍കുകയാണ് വേണ്ടത്. ആചാരങ്ങള്‍ ആയി സൂക്ഷിച്ച പലതിനെയും മറികടന്നാണ് സമൂഹം ഇവിടെ വരെ എത്തിയതെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സ്ത്രീകള്‍ കയറിത്തുടങ്ങുന്നതോടെ സ്വാഭാവികമായും ആര്‍ക്കും ചെല്ലാവുന്ന ഭക്തിയുള്ളയിടമായി ശബരിമല മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലത്തിന്റെ ഏതോ നിമിഷത്തില്‍ വച്ച് സ്തംഭിച്ച് പോയവര്‍ക്കാണ് കോടതിവിധി കേള്‍ക്കുമ്പോള്‍ ആചാരലംഘനം എന്നൊക്കെ തോന്നുന്നത്.

ആത്യന്തികമായി ഭരണഘടനയിലും കോടതികളിലും വിശ്വാസം ഉണ്ടാവുകയാണ് വേണ്ടത്. അതില്ലാതെയാവുമ്പോള്‍ പൗരന്‍ എന്ന പദവി തന്നെ സംശയത്തിലാവുകയാണ്. കോടതിവിധിയെ അംഗീകരിക്കുകയില്ലെന്ന് പറയുന്നത് അനുസരിക്കാതിരിക്കുന്നത് രാജ്യത്തെ ശിഥിലമാക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. 

സമാധാനപരമായി കോടതിവിധിയെ സമീപിക്കുന്നതിന് പകരം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണ്. തുച്ഛമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇരുപാര്‍ട്ടികളും സ്വീകരിക്കുന്ന ഈ നിലപാടുകള്‍ രാജ്യത്തെ മോശം അവസ്ഥയിലേക്ക് മാത്രമേ നയിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം അറിഞ്ഞിട്ടാണ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതെന്നും വലിയ അപകടത്തെ ക്ഷണിച്ച് വരുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.