എല്ലാ ചൊവ്വാഴ്ചയും സ്‌റ്റേഷനില്‍ എത്തണം; രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 07:43 PM  |  

Last Updated: 28th October 2018 08:09 PM  |   A+A-   |  

rahul-eswar

 

കൊച്ചി: യുവതീപ്രവേശം തടയാനായി ശബരിമലയില്‍ രക്തം വീഴ്ത്തി നട അടക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. എറണാകുളം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക. എല്ലാ ചൊവ്വാഴ്ചയും സ്‌റ്റേഷനില്‍ എത്തുക തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം

മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു രാഹുലിന്  അറസ്റ്റ് ചെയ്തത്.  കൊച്ചി പ്രസ് ക്‌ളബില്‍ നടത്തിയ ഈ വെളിപ്പെടുത്തലാണ് രാഹുല്‍ ഈശ്വറിന് വീണ്ടും കുരുക്കായത്. യുവതി പ്രവേശം തടയാന്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിയാക്കാന്‍ പ്‌ളാന്‍ ബിയും  പ്രത്യേക സംഘവുമുണ്ടായിരുന്നൂവെന്ന പ്രസ്താവന പിന്നീട് തിരുത്തിയെങ്കിലും സ്വകാര്യപരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. 

മതസ്പര്‍ധ വളര്‍ത്തി കലാപാഹ്വാനത്തിന് ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ്  തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് രാവിലെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.45ഓടെ കൊച്ചിയിലെത്തിച്ചു. ഇതിന് പിന്നാലെ കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം രംഗത്തെത്തി. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.