കേരളത്തില്‍ അഞ്ചാംതീയതി വരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് രാഹുല്‍ ഈശ്വര്‍; എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th October 2018 04:38 PM  |  

Last Updated: 28th October 2018 05:39 PM  |   A+A-   |  

 

കൊച്ചി: കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ശബരിമല കലാപാഹ്വാന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍.  ഇത് നവംബര്‍ 5 വരെ തുടരുമെന്നും രാഹുല്‍ പറഞ്ഞു. കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നതിനിടെയായിരുന്നു പ്രതികരണം. 

ശബരിലയില്‍ യുവതികളെ കയറ്റാതിരിക്കാന്‍ രക്തം ഇറ്റിച്ചു നട അടപ്പിക്കാന്‍ തയ്യാറായിരുന്നു എന്ന വിവാദ പരാമര്‍ശത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു. ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്ന് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്‌ലാറ്റിലെത്തി രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ഒരാഴ്ചയോളം ജയിലില്‍ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കലാപത്തിന് ആഹ്വാനം നല്‍കി എന്നതുള്‍പ്പെടെ കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുല്‍ പുതിയൊരു കേസില്‍ വീണ്ടും അറസ്റ്റിലാകുന്നത്.