കോടിയേരിയുടെ ഉപദേശം അപ്രസക്തം; വിശ്വാസികള്‍ക്ക് എതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്ന് എന്‍എസ്എസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th October 2018 01:17 PM  |  

Last Updated: 28th October 2018 02:08 PM  |   A+A-   |  

 

തിരുവനന്തപുരം: വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്ന് എന്‍എസ്എസ്. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. 

സര്‍ക്കാരിനെതിരായുള്ള  നിലപാട് എന്‍എസ്എസ് പരിശോധിക്കണമെന്ന കോടിയേരിയുടെ ഉപദേശം അപ്രസക്തമാണെന്നും നിലപാട് തിരുത്തേണ്ടത് സര്‍ക്കാരണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

വിശ്വാസത്തിലധിഷ്ഠിതമായ വികാരത്തിനല്ല എന്‍എസ്എസ് മുന്‍ഗണന കൊടുക്കേണ്ടതെന്ന് കോടിയേരി പറഞ്ഞിരുന്നു. സമാധാനപരമായി നാമജപയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസെടുത്തും അറസ്റ്റ് ചെയ്തും മനോവീര്യം തകര്‍ക്കാമെന്നു പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്ന് കഴിഞ്ഞ ദിവസം ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായുരുന്നു അദ്ദേഹം. 

നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവണം എന്‍എസ്എസ് പ്രവര്‍ത്തിക്കേണ്ടത്. സംഘടനയുടെ ഇപ്പോഴത്തെ നിലപാട് മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണ്. ആര്‍എസ്എസുമായി ഏതെങ്കിലും തരത്തില്‍ എന്‍എസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് താന്‍ കരുതുന്നില്ല. അങ്ങനെ വന്നാല്‍ അത് ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ. എന്‍എസ്എസ് ശാഖകളെ ആര്‍എസ്എസ് വിഴുങ്ങും. അതാണല്ലോ എസ്എന്‍ഡിപിക്കുണ്ടായ അനുഭവമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.