'ചേച്ചി എണീക്ക്, അമിത് ഷാ ദാ പിണറായിലെത്തി'; ഡിവൈഎഫഐ നേതാവ് ദിവ്യക്ക് സംഘ്പരിവാര്‍ ട്രോള്‍ മഴ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th October 2018 08:02 PM  |  

Last Updated: 28th October 2018 08:02 PM  |   A+A-   |  

 

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ച സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച ഇനിയും അവസാനിച്ചിട്ടില്ല. സഖാക്കളും സംഘപരിവാര്‍ പ്രവര്‍ത്തകരും പരിഹാസ കമന്റുകളും ട്രോളുകളുംകൊണ്ട് പരസ്പരം ആക്രമണം തുടരുകയാണ്. ഇതിനിടയിലാണ് കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി.പി.ദിവ്യ പഴയൊഴു ഫെയ്‌സ്ബുക്ക് പോസ്റ്റ്മൂലം പുലിവാല് പിടിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ സംഘപരിവാര്‍ തടഞ്ഞപ്പോള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വിനയായത്. അമിത് ഷായ്ക്ക് കേരളത്തിലെത്താതെ വിഡിയോ കോണ്‍ഫറന്‍സ് നടത്തേണ്ടിവരുമെന്നാണ് അന്ന് ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പകരംവീട്ടാന്‍ കാത്തിരുന്ന സംഘപരിവാര്‍ അമിത് ഷാ കണ്ണൂരിലെത്തുന്നുവെന്ന് വാര്‍ത്ത വന്നതുമുതല്‍ ദിവ്യയുടെ പോസ്റ്റിന് താഴെ കമന്റാക്രമണം തുടങ്ങി. വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ തടയുന്നില്ലെയെന്നാണ് കൂടുതല്‍ ആളുകള്‍ ചോദിച്ചത്. 

തടഞ്ഞില്ലെങ്കിലും ഒരു കരിങ്കൊടിയെങ്കിലും കാണിക്കാമായിരുന്നുവെന്ന പരിഹാസവുമുണ്ട്. ഇതുവരെ പോസ്റ്റ് പിന്‍വലിക്കാനോ മറുപടി പറയാനോ ദിവ്യ തയ്യാറായിട്ടില്ല. മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ സൈബര്‍ ലോകം ദിവ്യയെ വിളിച്ച് എഴുന്നേല്‍പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. 'ചേച്ചി എണീക്ക്, അമിത് ഷാ ദാ പിണറായിലെത്തി'യെന്നാണ് ഒരു കമന്റ്. പോസ്റ്റ് മുക്കാന്‍ സമയം കിട്ടിയില്ലേയെന്നും ചേദിക്കുന്നവരുമുണ്ട്. വിഡിയോ കോണ്‍ഫറന്‍സ് വഴി കണ്ണൂര്‍ വിമാനത്താവളം അമിത് ഷാ ഉദ്ഘാടനം ചെയ്‌തെന്നും തിരിച്ചടിയുണ്ടായി. ഏതായാലും ദേശീയ അധ്യക്ഷനെയെത്തിച്ച് കണ്ണൂരില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും.