മഞ്ചേശ്വരത്ത് വിജയസാധ്യതയുണ്ടെങ്കില്‍ ബിജെപി തെരഞ്ഞടുപ്പിനെ നേരിടണം; കേസ് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം ബിജെപിയുടെതെന്ന് പികെ കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 05:57 PM  |  

Last Updated: 28th October 2018 05:57 PM  |   A+A-   |  

 

ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ മഞ്ചേശ്വരത്ത് കേസ് അവസാനിപ്പിച്ച് തെരഞ്ഞടുപ്പിനെ നേരിടണമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേസ് നല്‍കിയ ബിജെപിക്കാണ് കേസ് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം. ബിജെപിക്ക് ജയസാധ്യതയുണ്ടെങ്കില്‍ ബിജെപി തെരഞ്ഞടുപ്പിന് തയ്യാറാവുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂരില്‍ വര്‍ഗീയത ആൡക്കത്തിക്കാനാണ് ശ്രമിച്ചത്. കോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള ശൗര്യമാണ് അമിത് ഷാ കാണിക്കേണ്ടിയിരുന്നത്. സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറയാന്‍ എന്തധികാരമാണ് അമിത് ഷായ്ക്കുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു. യുഡിഎഫും എല്‍ഡിഎഫും സഹകരിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാക്ഷികള്‍ക്കു സ്വതന്ത്രമായി കോടതിയില്‍ ഹജരാകാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് കേസ് നീണ്ടുപോയത്. അനുകൂലമായ വിധിയാണ് പ്രതിക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പി.ബി. അബ്ദുല്‍റസാഖ് എം.എല്‍എ അന്തരിച്ച സാഹചര്യത്തില്‍ കേസ് തുടരണോ വേണ്ടയോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നേരത്തെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.