രഹ്‌ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസ്; ബിജെപി നേതാവ് റിമാൻഡിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 02:04 AM  |  

Last Updated: 28th October 2018 02:04 AM  |   A+A-   |  

 

കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ച രഹ്‌ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ്  റിമാന്‍ഡില്‍. ബിജെപിയുടെ കടവന്ത്ര ഏരിയ പ്രസിഡന്‍റായ പിബി ബിജുവിനെയാണ് എറണാകുളം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കേസുമായ ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. രഹ്‌ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് അക്രമിച്ച കേസിലാണ് റിമാൻഡ്.  

തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ എടുക്കാന്‍ ആരും എത്തിയില്ല. ഇയാള്‍ക്ക് അഭിഭാഷകനേയും ഹാജരാക്കാനായില്ല. ഇതേ തുടര്‍ന്നാണ് ബിജുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 

രഹ്‌ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് അക്രമിച്ചതിനെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസാണ് ഇയാളുടെ പേരില്‍ ചുമത്തിയത്. 10000രൂപയുടെ നഷ്ടമുണ്ടാക്കിയതിനാല്‍ അത്രയും തുക കെട്ടിവച്ചാല്‍ മാത്രമെ ഇയാള്‍ക്ക് ജാമ്യം ലഭിക്കൂ. എന്നാല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിന് മുൻപേ തങ്ങളേയോ ബിജുവിന്‍റെ ബന്ധുക്കളേയോ പൊലീസ് അറിയിച്ചിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.