വീട്ടിലിരുന്നാല്‍ കേസെടുക്കില്ല, റോഡിലിറങ്ങി നാമം ജപിക്കുമ്പോള്‍ കേസെടുത്തെന്നു വരും; അമിത് ഷാ കേരളത്തിന്റെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും: കാനം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th October 2018 02:50 PM  |  

Last Updated: 28th October 2018 02:50 PM  |   A+A-   |  

 

തൃശൂര്‍: ഇതിനെക്കാള്‍ തീക്ഷ്ണമായ സമരങ്ങളിലൂടെ കടന്നുവന്ന സര്‍ക്കാരുകളാണ് കേരളത്തിലേതെന്നും അമിത് ഷാ കേരളത്തിന്റെ ചരിത്രം പഠിക്കുന്നതു നന്നായിരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐടിയുസി ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെടാന്‍ അമിത് ഷാ യുടെ പ്രസ്താവന ഗുണം ചെയ്തുവെന്നും കാനം പറഞ്ഞു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപി സമരങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതു ഫാസിസത്തിലേക്കുള്ള പ്രയാണമാണെന്നു പറയാന്‍ മടിക്കേണ്ട. വീട്ടിലിരുന്നു നാമം ജപിച്ചാല്‍ കേസ് എടുക്കില്ല. റോഡിലിറങ്ങി ജപിക്കുമ്പോള്‍ കേസ് എടുത്തെന്നു വരും. തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ പേരില്‍ താനടക്കമുള്ള എത്രയോ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസ് ഉണ്ട്. നിയമം ലംഘിച്ച് സമരം നടത്തുമ്പോള്‍ കേസ് എടുക്കുക എന്നത് നാമജപക്കാര്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമമല്ല. നിയമം പരിചയമില്ലാത്തവര്‍ക്കാണ് ഇതു വലിയ സംഭവമായി തോന്നുന്നത്.

സന്ദീപാനന്ദഗിരിക്കു നേരെയുള്ള ആക്രമണം നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്നവരെ നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് നയമാണ്. അത് ജനാധിപത്യത്തില്‍ അംഗീകരിക്കാവുന്നതല്ല. ഫാസിസത്തിനെതിരാണ് എന്നു പറയുന്ന മുല്ലപ്പള്ളി ഫാസിസ്റ്റുകളുടെ കൂടെയാണ് നാമം ജപിക്കുന്നതെന്നും കാനം പറഞ്ഞു.