വിവാദ ഭൂമിയിടപാടിലൂടെ വരുത്തിയ കടം വീട്ടാൻ അതിരൂപത ഭൂമി വിൽക്കുന്നു; വാങ്ങാനെത്തുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2018 08:28 AM  |  

Last Updated: 29th October 2018 04:07 PM  |   A+A-   |  

ekm

 

കൊച്ചി: വിവാദ ഭൂമി ഇടപാട് മൂലമുണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാൻ എറണാകുളം അങ്കമാലി അതിരൂപത. രൂപതയുടെ ഉടമസ്ഥതയിലുള്ള ശേഷിക്കുന്ന ഭൂസ്വത്തുക്കൾ വിൽക്കാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. കാക്കനാട്ടുള്ള പത്തേക്കര്‍ ഭൂമി വിൽക്കാനാണ് നടപടി. വിജോഭവനോട് ചേര്‍ന്ന പത്തേക്കര്‍ സ്ഥലമാണ് വില്‍ക്കുന്നത്. 

സെന്റിന് അഞ്ച് ലക്ഷം രൂപ വിലയിട്ടാണ് വിൽപനയെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ഭൂമി വാങ്ങുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. സ്ഥലവിൽപനയിൽ നിന്ന് ലഭിക്കുന്ന അന്‍പത് കോടി രൂപ ബാങ്കുവായ്പ തിരിച്ചടയ്ക്കാനാകും ഉപയോഗിക്കുക. ഇതിനുപുറനമേ മറ്റു ചില ഭൂസ്വത്തുക്കളുടെ വില്‍പന സംബന്ധിച്ചും കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്. 

നിലവിൽ എണ്‍പത് ലക്ഷം രൂപ മാസംതോറും പലിശയിനത്തില്‍ മാത്രം ബാങ്കില്‍ അടയ്ക്കേണ്ടിവരുന്നതുകൊണ്ട് എത്രയും വേഗത്തില്‍ ഈ ബാധ്യത തീര്‍ക്കുന്നതിനാണ് മുന്‍ഗണന. സഭയുടെ ചട്ടങ്ങളും രാജ്യത്തിന്റെ നിയമങ്ങളും കർശനമായി പാലിച്ചു തന്നെയായിരിക്കണം ഇടപാടുകൾ നടത്താൻ എന്നും തീരുമാനമുണ്ട്. ഭൂമി വാങ്ങിക്കൂട്ടിയതുൾപ്പെടെ നടത്തിയ ഭൂമിയിടപാടുകൾ പരിശോധിച്ച് പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇപ്പോഴത്തെ നടപടികള്‍.