30 മണിക്കൂര്‍ പാചകം ചെയ്യാന്‍ കഴിയുന്ന 'അദ്ഭുത സോളര്‍ സ്റ്റൗ';  തട്ടിപ്പിനിരയായത് നിരവധി പേര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th October 2018 05:36 AM  |  

Last Updated: 28th October 2018 05:36 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ചാത്തന്നൂര്‍:  ഒരു മണിക്കൂര്‍ വെയിലില്‍ വച്ചാല്‍ 30 മണിക്കൂര്‍ പാചകം ചെയ്യാന്‍ കഴിയുന്ന 'അദ്ഭുത സോളര്‍ സ്റ്റൗ' നല്‍കാമെന്നു പറഞ്ഞു നിരവധി പേരില്‍ നിന്നു പണം തട്ടിയതായി പരാതി. കഴിഞ്ഞ ദിവസം പാരിപ്പള്ളിയിലാണു സംഭവം. പാരിപ്പള്ളി, പുലിക്കുഴി, പുതിയപാലം എന്നിവിടങ്ങളില്‍ നിരവധിപേരാണ് തട്ടിപ്പിനിരയായയത്. 

കാറിലെത്തിയ രണ്ടുപേരാണു തട്ടിപ്പു നടത്തിയത്. മാന്യമായി വേഷം ധരിച്ചെത്തിയ തട്ടിപ്പുസംഘം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബങ്ങളെയാണു സമീപിച്ചത്. പലര്‍ക്കും പതിനായിരം രുപയാണ് നഷ്ടമായത്.പാചക വാതകത്തിനു വിലയേറുന്ന ഈ കാലത്ത് സൗരോര്‍ജത്താല്‍ മണിക്കൂറുകളോളം പാചകം ചെയ്യാന്‍ കഴിയുന്ന സ്റ്റൗവാണെന്നു പറഞ്ഞു ഇന്‍ഡക്ഷന്‍ കുക്കറിനു സമാനമായ ഉപകരണവുമായാണ് എത്തിയത്. സെന്‍സറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പാല്‍ അടക്കമുള്ളവ തിളച്ചു തൂകില്ല, പാത്രത്തില്‍ കരിഞ്ഞു പിടിക്കില്ല, വെന്തു പാകമാകുമ്പോള്‍ താനെ പ്രവര്‍ത്തനം നിലയ്ക്കും തുടങ്ങിയ  സംവിധാനങ്ങള്‍ ഉള്ളതായി അവകാശപ്പെട്ട സ്റ്റൗവിന് 7,500 രൂപ സബ്‌സിഡി കഴിച്ചു 10,000 രൂപയാണു വിലയെന്നു പറഞ്ഞു.

പ്രവര്‍ത്തന രീതി കാട്ടികൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മഴക്കാറുള്ളതിനാല്‍ സൂര്യപ്രകാശത്തിനു തീവ്രത കുറവാണെന്നും അടുത്ത ദിവസം എത്തി സബ്‌സിഡിയുടെ രേഖകളും പ്രത്യേക സമ്മാനങ്ങളും നല്‍കുമെന്നും വിശ്വസിപ്പിച്ച്  ഇന്‍ഡക്ഷന്‍ കുക്കറിനു സമാനമായ ഉപകരണം നല്‍കി പണം തട്ടിയെടുത്തു. ഫോണ്‍ നമ്പര്‍ നല്‍കാതെയാണു സംഘം മുങ്ങിയത്. തട്ടിപ്പിനിരയായ ചിലര്‍ പൊലീസില്‍ പരാതി നല്‍കി.