ആര്‍എസ്എസുമായുള്ള എന്‍എസ്എസ് ബന്ധം ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ; സുകുമാരന്‍ നായര്‍ക്ക് കോടിയേരിയുടെ മറുപടി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച എന്‍എസ്എസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആര്‍എസ്എസുമായുള്ള എന്‍എസ്എസ് ബന്ധം ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ; സുകുമാരന്‍ നായര്‍ക്ക് കോടിയേരിയുടെ മറുപടി


കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച എന്‍എസ്എസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസത്തിലധിഷ്ഠിതമായ വികാരത്തിനല്ല എന്‍എസ്എസ് മുന്‍ഗണന കൊടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരായുള്ള സ്വന്തം നിലപാട് പരിശോധിക്കണം. സര്‍ക്കാരിനെ താഴെയിടുമെന്ന് ബിജെപി ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവണം എന്‍എസ്എസ് പ്രവര്‍ത്തിക്കേണ്ടത്. സംഘടനയുടെ ഇപ്പോഴത്തെ  നിലപാട് മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണ്. ആര്‍എസ്എസുമായി ഏതെങ്കിലും തരത്തില്‍ എന്‍എസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് താന്‍ കരുതുന്നില്ല. അങ്ങനെ വന്നാല്‍ അത് ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ. എന്‍എസ്എസ് ശാഖകളെ ആര്‍എസ്എസ് വിഴുങ്ങും. അതാണല്ലോ എസ്എന്‍ഡിപിക്കുണ്ടായ അനുഭവമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അമിത് ഷായെ സിപിഎമ്മിന് പേടിയില്ല. അമിത് ഷായുടെ കാരുണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്. അതുകൊണ്ട് തന്നെ അമിത് ഷായുടെ മുന്നറിയിപ്പിനെ കാര്യമാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

സമാധാനപരമായി നാമജപയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസെടുത്തും അറസ്റ്റ് ചെയ്തും മനോവീര്യം തകര്‍ക്കാമെന്നു പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു കൊണ്ടൊന്നും ഭയപ്പെട്ടു പിന്മാറുന്നവരല്ല എന്‍എസ്എസെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കിയാല്‍ നന്ന്. നടപടികളെ നിയമപരമായി നേരിടും. വിശ്വാസം സംരക്ഷിക്കാന്‍ നിയമപരമായും സമാധാനപരമായും ഏതറ്റം വരെ പോകാനും തയാറാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഞങ്ങള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. വിശ്വാസം സംരക്ഷിക്കുക എന്നത് മാത്രമാണ്.കപടമതേതരത്വം മനസില്‍ വച്ചു നിരീശ്വരവാദം പരത്താന്‍ വേണ്ടിയാണു സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തി പുനഃപരിശോധനാ ഹര്‍ജി തടഞ്ഞത്. അടുത്ത 13നു കേസ് കേള്‍ക്കാനിരിക്കെ എങ്ങനെയെങ്കിലും നിരീശ്വരവാദികളെ അവിടെ കയറ്റാനാണു ശ്രമമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com