തൂണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോകും, അവസാനം ഞങ്ങള്‍ വഴിയില്‍ കിടക്കും;ശബരിമലയില്‍ ബിജെപിക്കൊപ്പമില്ല:അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപിയും എസ്എന്‍ഡിപിയും ഒരുമിച്ച് നിന്ന് പോരാടുമെന്ന ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
തൂണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോകും, അവസാനം ഞങ്ങള്‍ വഴിയില്‍ കിടക്കും;ശബരിമലയില്‍ ബിജെപിക്കൊപ്പമില്ല:അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപിയും എസ്എന്‍ഡിപിയും ഒരുമിച്ച് നിന്ന് പോരാടുമെന്ന ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ്. അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെയാകും. എസ്എന്‍ഡിപി യോഗവും ബിജെപിയും ഒരുമിച്ച് പ്രവര്‍ത്തികണം എന്ന് അദ്ദേഹം മനസ്സില്‍ വിചാരിക്കാന്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. തൂണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോകും, അവസാനം ഞങ്ങള്‍ വഴിയില്‍ കിടക്കും. അതുകൊണ്ട് ഒരുകാരണവശാലും തെരുവിലിറങ്ങിക്കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ പോകാന്‍ പാടില്ലായെന്നു അദ്ദേഹം പറഞ്ഞു. 

ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് കലാപമുണ്ടാകാത്ത തരത്തില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കണം എന്ന തീരുമാനം മാസങ്ങള്‍ക്ക് മുന്നേ എടുത്തുകഴിഞ്ഞു. ആ തീരുമാനത്തില്‍ നിന്നുമാറേണ്ട പരിതസ്ഥിതി ഇപ്പോളില്ല. സുപ്രീംകോടതി വിധി അനുസരിക്കുക എന്നതാണ് സാമാന്യ മര്യാദ. അത് മാന്യമായി ഞങ്ങള്‍ സ്വീകരിക്കും, റിവ്യൂ ഹര്‍ജി കൊടുക്കേണ്ട കാര്യം എസ്എന്‍ഡിപി യോഗത്തിനില്ല-അദ്ദേഹം പറഞ്ഞു. 

ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പ്രക്ഷോഭത്തില്‍ എസ്എന്‍ഡിപിയും എന്‍എസ്എസും ബിജപിക്ക് ഒപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ശിവഗിരിയില്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്ത ചടങ്ങില്‍വച്ച് അമിത് ഷാ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com