സര്‍ക്കാരിനെ വലിച്ചിടാന്‍ അമിത് ഷായ്ക്ക് ഈ തടി പോരാ; ആ വാക്കുകേട്ട് കളിക്കാമെന്ന് ആരും കരുതേണ്ട; ആര്‍എസ്എസിന് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശബരിമലയെന്ന് പിണറായി

സര്‍ക്കാരിനെ വലിച്ചിടാന്‍ അമിത് ഷായ്ക്ക് ഈ തടി പോരാ; ആ വാക്കുകേട്ട് കളിക്കാമെന്ന് ആരും കരുതേണ്ട; ആര്‍എസ്എസിന് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശബരിമലയെന്ന് പിണറായി
സര്‍ക്കാരിനെ വലിച്ചിടാന്‍ അമിത് ഷായ്ക്ക് ഈ തടി പോരാ; ആ വാക്കുകേട്ട് കളിക്കാമെന്ന് ആരും കരുതേണ്ട; ആര്‍എസ്എസിന് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശബരിമലയെന്ന് പിണറായി

പാലക്കാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അമിത് ഷായുടെ വാക്ക് കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചുകളയാം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വളരെ മോശമായി പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി. എത്ര കാലമായി കേരളത്തില്‍ ബിജെപി രക്ഷപ്പെടാന്‍ നോക്കുന്നു. എന്താണു നടന്നത്?. നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ലെന്ന് ഓര്‍ക്കണമെന്നും അമിത് ഷായ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ശബരിമല സംഘര്‍ഷത്തിലെ പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരല്ല. വിശ്വാസി ആയാല്‍ അക്രമം നടത്താമോ? ഇതു വിശ്വാസിയല്ല, ക്രിമിനലുകളെ റിക്രൂട്ട് ചെയ്ത് അവിടെയെത്തിക്കുകയായിരുന്നു. സംഘപരിവാറാണ് ശബരിമലയില്‍ ആക്രമണത്തിനു നേതൃത്വം കൊടുത്തത്. ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് അയ്യപ്പദര്‍ശനം നടത്താന്‍ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. അതിന് എതിരു നില്‍ക്കുന്ന സമീപനം അംഗീകരിക്കില്ല. സ്ത്രീകളോട് ശബരിമലയില്‍ പോയ്‌ക്കൊള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണു വിധിച്ചത്. അതു നാട്ടിലെ നിയമമാണ്. ഇതും നിയമവാഴ്ചയുള്ള സംസ്ഥാനമാണ്. അവിടെ ഭരണഘടനാനുസൃതമായേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. 

ശബരിമലയുടെ കാര്യത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ചില മാധ്യമങ്ങളില്‍ ഇപ്പോഴുണ്ടായ പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരെയാണെന്നു ചിത്രീകരിക്കുന്നുണ്ട്. ഏത് വിശ്വാസികള്‍ക്കെതിരെയാണു നടപടിയെടുത്തത്. വിശ്വാസം അനുസരിച്ചു ജീവിക്കുന്നതിനു എല്ലാ സൗകര്യവും ചെയ്യുമെന്നതാണു സര്‍ക്കാര്‍ നയം -മുഖ്യമന്ത്രി അവകാശപ്പെട്ടു.

സംഘപരിവാറിന്റെ പ്രതിഷേധത്തെ കണക്കിലെടുക്കുന്നില്ല. ഗുരുവായൂരിലും മുമ്പ് സംഘപരിവാര്‍ സമാനമായ സമരം നടത്തിയിരുന്നു. കാണിക്ക വഞ്ചി വേറെ സ്ഥാപിച്ചായിരുന്നു സമരം. അത് പിന്നീട് എവിടെ പോയെന്ന് കണ്ടെത്തിയിട്ടില്ല. ശബരിമല സന്നിധാനമടക്കം കലാപ ഭൂമിയാക്കാനുള്ള ശ്രമമാണ് നടന്നത്. അത് അംഗീകരിക്കാനാവില്ല. വിശ്വാസികള്‍ക്ക് വിശ്വാസമനുസരിച്ച് ദര്‍ശനം നടത്താനും സുരക്ഷിതമായി തിരിച്ച് പോകാനും സര്‍ക്കാര്‍ സൗകര്യം ഒരുക്കും.
 
പുരുഷന് ആരാധാനാ സ്വാതന്ത്ര്യം അനുവദിക്കുകയും സ്ത്രീയെ വിലക്കുകയും ചെയ്യുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ്. നിയമ വാഴ്ചയുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ ഭരണഘടന അനുസരിച്ചേ ഭരിക്കൂവെന്നും പിണറായി വ്യക്തമാക്കി. ഭരണഘടന തൊട്ട് സത്യം ചെയ്താണ് അധികാരമേറ്റത്. തങ്ങള്‍ക്കിഷ്ടമുള്ളത് നടപ്പിലാക്കാമെന്നല്ല അതിന്റെ അര്‍ത്ഥം. ശബരിമലയില്‍ സ്ത്രീകളെ അയക്കാനുള്ള പദ്ധതിയുമായല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നുവെന്നതിന് ഒരു സാക്ഷിയുണ്ട്. അത് കുമ്മനം രാജശേഖരനാണ്. തന്ത്രിക്കെഴുതിയ കത്ത് രേഖയായി തന്നെയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിനിമാ ഷൂട്ടിംങ് വരെ നടന്ന സ്ഥലമാണ് ശബരിമലയെന്ന് ഓര്‍ക്കണം.91 വരെ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. 91 ലെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്കിന് ശേഷവും ശബരിമലയില്‍ തന്ത്രിയുടെ സഹായത്തോടെ പോയിരുന്നുവെന്ന് സ്ത്രീകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com