അമിത് ഷാ പറഞ്ഞത് അതല്ല, മുരളീധരന്റെ പരിഭാഷ പിഴച്ചു; മുഖ്യമന്ത്രിയുടേത് അധിക്ഷേപമെന്ന് അല്‍ഫോണ്‍ കണ്ണന്താനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2018 04:35 PM |
Last Updated: 29th October 2018 04:35 PM | A+A A- |

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വി മുരളീധരന്‍ എംപിക്ക് പിഴവു പറ്റിയെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ പ്രസംഗിച്ചതെന്ന് കണ്ണന്താനം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായെ അധിക്ഷേപിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചു. മുഖ്യമന്ത്രിയുടെ അധിക്ഷേപത്തിന് രാജ്യത്തെ ജനങ്ങള്‍ മറുപടി പറയുമെന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയില്‍ ജനവികാരം മാനിക്കണമെന്നാണ് അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത്. ജനവികാരം മാനിക്കുകയെന്നത് ഒരു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. അതു ചെയ്യാതെ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടും എന്നാണ് അമിത് ഷാ പ്രസംഗിച്ചതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
അമിത് ഷായ്ക്കു മറുപടി നല്‍കിയ മുഖ്യമന്ത്രി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. അമിത് ഷായുടെ ശരീരത്തെ പരാമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ അപകീര്‍ത്തികരമാണ്. ഇതിനു രാജ്യത്തെ ജനങ്ങള്‍ മറുപടി നല്‍കും. വിഷയം വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വക്താക്കള്‍ പറയും. കേന്ദ്രമന്ത്രി എന്ന നിലയില്‍ അതു തന്റെ ചുമതലയല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.