'ഇനിയെങ്കിലും പാര്‍ട്ടിക്കാരന്റെ വില നിങ്ങള്‍ തിരിച്ചറിയണം' ; നേതൃത്വത്തെ വിമര്‍ശിച്ച് മാത്യു കുഴല്‍നാടന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2018 03:19 PM  |  

Last Updated: 29th October 2018 03:19 PM  |   A+A-   |  

raman_nair_mathew

 

കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് പുറമേ നിന്നു വരുന്നവര്‍ക്കു  പദവികള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മാത്യു കുഴല്‍നാടന്‍. ജി രാമന്‍നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് മാത്യു  വിമര്‍ശനവുമായി രംഗത്തുവന്നത്. എത്ര വലുതോ ചെറുതോ ആയ പദവിയാവട്ടെ അത് പാര്‍ട്ടിക്കാരന് നല്‍കിയിരുന്നെങ്കില്‍ ഈ അനുഭവം ഉണ്ടാകില്ലായിരുന്നുവെന്ന് മാത്യു അഭിപ്രായപ്പെട്ടു. 

അധികാരത്തില്‍ വന്ന് കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സില്‍ കാര്യം നടത്താന്‍ മിടുക്കുള്ള ഏതാനും ചില ആളുകളും സംവിധാനങ്ങളുമുണ്ട്. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളൊക്കെ പിന്നെ ഇവരുടെ അവകാശം പോലെയാണ്. വിയര്‍പ്പും ചോരയും ഒഴുക്കുന്ന പാവപ്പെട്ട പ്രവര്‍ത്തകരെയൊക്കെ പുറത്ത് നിര്‍ത്തി ഈ കൂട്ടര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന് ന്യായീകരണങ്ങള്‍ നിരവധിയാണ്- മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

എന്നാല്‍ ഇവരൊക്കെ പിന്നിട് പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന ക്ഷീണം തീര്‍ക്കാന്‍ ഒരു ന്യായീകരണക്കാരേയും കാണാറില്ല. രാമന്‍ നായര്‍ക്കും, പ്രമീളാദേവിയ്ക്കും ഒക്കെ വേണ്ടി നല്‍കപ്പെട്ട ശുപാര്‍ശ കത്തുകള്‍ ഒന്ന് തപ്പിയെടുക്കുന്നത് നന്നായിരിക്കും. പാവപ്പെട്ട പ്രവര്‍ത്തകന്റെ നെഞ്ചില്‍ ചവിട്ടിയാണ് നിങ്ങള്‍ ഇത് ചെയ്തത് എന്ന് നേതാക്കന്മാരേയും ഒന്നോര്‍മ്മിപ്പിക്കട്ടെ.

എത്ര വലുതോ ചെറുതോ ആയ പദവിയാവട്ടെ അത് പാര്‍ട്ടിക്കാരന് നല്‍കിയിരുന്നെങ്കില്‍ ഈ അനുഭവം ഉണ്ടാകില്ലായിരുന്നു. ത്രിവര്‍ണ്ണ പതാക പിടിച്ചവര്‍ രാഷ്ട്രീയമവസാനിപ്പിച്ചേക്കാം, എന്നാലും ഈത്തരം നെറികേട് കാണിക്കില്ലായിരുന്നു. ഇനിയെങ്കിലും പാര്‍ട്ടിക്കാരന്റെ വില നിങ്ങള്‍ തിരിച്ചറിയണം- കുറിപ്പില്‍ പറയുന്നു.