പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 08:29 AM  |  

Last Updated: 29th October 2018 10:09 AM  |   A+A-   |  

saradakutty

 

കൊച്ചി: പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി. പ്രളയത്തില്‍ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോള്‍ തുടച്ചു നീക്കുവാന്‍ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതു പല രൂപത്തില്‍ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയത്.. അലസരെല്ലാം ഉണര്‍ന്നു. ജാഗരൂകരായി.. യഥാര്‍ഥ ശുചീകരണ പ്രക്രിയ തുടരുകയാണ് നാം.ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയില്‍ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന് സമയം കണക്കാക്കുന്നവര്‍ തങ്ങളുടെ ബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും. ഏതു മാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്- ശാരദക്കുട്ടി പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

സത്യത്തില്‍ എനിക്കു തോന്നുന്നത് വലിയ പ്രളയം വന്നത് ഈയൊരു ആന്തരിക പുനര്‍നിര്‍മ്മാണത്തിനു വേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യ ശുദ്ധീകരണം നല്‍കിയ വലുതായ ഊര്‍ജ്ജമാണ് നാമിപ്പോള്‍ ആന്തരിക ശുചീകരണത്തിനായി വിനിയോഗിക്കുന്നത്. സമൂഹം പഴഞ്ചനും വ്യക്തി പുരോഗമനേച്ഛുവും ആയിരിക്കുമ്പോള്‍ അവിടെ സംഘട്ടനം നടക്കും. പ്രകൃതി അവിടെ വ്യക്തിയുടെ ഭാഗത്തായിരിക്കുമെന്ന് വി.ടി.ഭട്ടതിരിപ്പാട് എഴുതിയിട്ടുണ്ട്. എത്ര സത്യം.

പ്രളയത്തില്‍ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോള്‍ തുടച്ചു നീക്കുവാന്‍ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

'വിശ്വം ചമയ്ക്കുമുടനേയതു കാത്തഴിക്കും
വിശ്വൈകനാഥനുടെ കളിപ്പുരയെന്ന പോലെ'

അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതു പല രൂപത്തില്‍ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയത്.. അലസരെല്ലാം ഉണര്‍ന്നു. ജാഗരൂകരായി.. യഥാര്‍ഥ ശുചീകരണ പ്രക്രിയ തുടരുകയാണ് നാം.

ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയില്‍ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന് സമയം കണക്കാക്കുന്നവര്‍ തങ്ങളുടെ ബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും. ഏതു മാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

ശാന്തിയും സമാധാനവും കൈവന്നപ്പോഴൊക്കെ, അതിനു കാരണമായിത്തീര്‍ന്ന കലാപങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചിട്ടുണ്ട് പില്‍ക്കാലസമൂഹം. ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോള്‍ കാണുന്നത്.

ചരിത്രം നാളെ രേഖപ്പെടുത്തി വെക്കാന്‍ പോകുന്ന ചിലതൊക്കെ ഈ സമരങ്ങളില്‍ നിന്നുണ്ടാവുക തന്നെ ചെയ്യും.
പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്. പുരോഗമനേഛുക്കള്‍ നടത്തിയ പോരാട്ടങ്ങള്‍ പരാജയപ്പെടാറില്ല.

' ഈ രാജ്യം മനുഷ്യരുടേതാണ്. ദേവന്മാരുടേതല്ല. രാഷ്ട്രത്തിന്റെ പൊതുമുതല്‍ മനുഷ്യാഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടാനുള്ളതാണ്. അദൃശ്യ ലോകത്തിലെ സങ്കല്‍പദേവതകളുടെ പ്രീതിക്കായി ദുര്‍വ്യയം ചെയ്യാനുള്ളതല്ല. വിദ്യാഭ്യാസം, ആരോഗ്യം, ഐശ്വര്യം എന്നീ ഉപാധികളിലൂടെ ജനതയെ മഹത്വത്തിലേക്കുയര്‍ത്തുവാന്‍ ഇവിടുത്തെ ധനശക്തിയും പ്രവര്‍ത്തനശേഷിയും തിരിച്ചുവിടുക എന്നതാണ് രാഷ്ട്രീയ ലക്ഷൃം'' (വി.ടി.ഭട്ടതിരിപ്പാട്)